സാറ്റലൈറ്റ് വഴി കൃഷി നിരീക്ഷിച്ച് ഉൽപാദനക്ഷമത കൂട്ടും; പുതിയ എ.ഐ മോഡലുകളുമായി ഗൂഗ്ൾ

  1. Home
  2. Tech

സാറ്റലൈറ്റ് വഴി കൃഷി നിരീക്ഷിച്ച് ഉൽപാദനക്ഷമത കൂട്ടും; പുതിയ എ.ഐ മോഡലുകളുമായി ഗൂഗ്ൾ

ai


കൃഷി ഭൂമിയുടെ നിരീക്ഷണത്തിനും ഉൽപ്പാദനക്ഷമത വർധിപ്പിക്കുന്നതിനുമായി വിപ്ലവകരമായ രണ്ട് എ.ഐ സംവിധാനങ്ങൾ അവതരിപ്പിച്ച് ഗൂഗ്ൾ. ഗൂഗ്ൾ ഡീപ്‌മൈൻഡിന് കീഴിലുള്ള 'ആന്ത്രോ കൃഷി' (AnthroKrishi) വികസിപ്പിച്ച ഈ മാപ്പിങ് മോഡലുകൾ സാറ്റലൈറ്റ് ചിത്രങ്ങൾ വിശകലനം ചെയ്ത് കാർഷിക മേഖലയിലെ തത്സമയ ഡാറ്റ ലഭ്യമാക്കും. ഇന്ത്യയിൽ വികസിപ്പിച്ച ഈ സാങ്കേതികവിദ്യ ഏഷ്യ-പസഫിക്, ആഫ്രിക്ക എന്നിവടങ്ങളിലെ 11 രാജ്യങ്ങളിലേക്ക് കൂടി കമ്പനി വ്യാപിപ്പിച്ചിട്ടുണ്ട്.

കാർഷിക ഭൂമിയുടെ അതിരുകൾ, ജലാശയങ്ങൾ എന്നിവ കൃത്യമായി തിരിച്ചറിയുന്ന 'അഗ്രികൾച്ചറൽ ലാൻഡ്‌സ്‌കേപ്പ് അണ്ടർസ്റ്റാൻഡിങ്', വിളകളുടെ വളർച്ച ഘട്ടങ്ങൾ വിലയിരുത്തുന്ന 'അഗ്രികൾച്ചറൽ മോണിറ്ററിങ് ആൻഡ് ഇവന്റ് ഡിറ്റക്ഷൻ' എന്നിവയാണ് വിപണിയിലെത്തിച്ച പുതിയ എ.ഐ സംവിധാനങ്ങൾ. പ്രകൃതിദുരന്തങ്ങളെ പ്രതിരോധിക്കാനും ജലവിഭവങ്ങൾ കൃത്യമായി വിനിയോഗിക്കാനും ഇവ കർഷകരെ സഹായിക്കും.

ഇന്ത്യയിലെ വിവിധ സംസ്ഥാന സർക്കാരുകളും മുൻനിര സ്റ്റാർട്ടപ്പുകളും ഈ സാങ്കേതികവിദ്യ ഇതിനകം പ്രയോജനപ്പെടുത്തുന്നുണ്ട്. കർണാടക സർക്കാർ ജലസേചന കാര്യക്ഷമത വർധിപ്പിക്കാനും തെലങ്കാന 'ADEX' വഴി കാലാവസ്ഥ മുന്നറിയിപ്പുകൾ നൽകാനും ഇത് ഉപയോഗിക്കുന്നു. ഐ.ഐ.ടി ബോംബെയ്ക്ക് കീഴിലെ 'ടെറാസ്റ്റാക്' ഈ മാപ്പിങ് വഴി 140 ദശലക്ഷത്തിലധികം ഹെക്ടർ കൃഷിഭൂമി ഡിജിറ്റൽവൽക്കരിച്ചു കഴിഞ്ഞു. ഐക്യരാഷ്ട്രസഭയുടെ ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷനും (FAO) ഗൂഗ്ളിന്റെ ഈ ഡാറ്റ ആഗോളതലത്തിൽ പ്രയോജനപ്പെടുത്തുന്നുണ്ട്.