എ.ഐ ഉപയോഗത്തിൽ ഇന്ത്യ ആഗോളതലത്തിൽ രണ്ടാമത്; വികസനത്തിന് മുന്നിൽ ടെക് മേഖല
ആഗോളതലത്തിൽ കൃത്രിമബുദ്ധി (AI) ടൂളുകളുടെ ഉപയോഗത്തിൽ ഇന്ത്യ ലോകത്ത് രണ്ടാമതെത്തിയതായി പ്രമുഖ എ.ഐ ഗവേഷണ സ്ഥാപനമായ ആന്ത്രോപിക്കിന്റെ (Anthropic) സാമ്പത്തിക സൂചിക റിപ്പോർട്ട്. യു.എസിന് തൊട്ടുപിന്നാലെ ആഗോള ക്ലോഡ് (Claude) ഉപയോഗത്തിന്റെ 7.12 ശതമാനവുമായിട്ടാണ് ഇന്ത്യ രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്. രാജ്യത്തെ സാങ്കേതികവിദ്യ, കമ്പ്യൂട്ടിങ്, ഗണിതശാസ്ത്ര മേഖലകളിൽ പ്രവർത്തിക്കുന്നവരാണ് എ.ഐ ഉപയോഗത്തിൽ ഏറ്റവും മുന്നിൽ.
കമ്പ്യൂട്ടർ, ഗണിതശാസ്ത്ര വിഭാഗം ജോലികളിലാണ് ഉയർന്ന നിരക്കിലുള്ള ഉപയോഗം രേഖപ്പെടുത്തിയിരിക്കുന്നത് (26.17%). വിദ്യാഭ്യാസം-ലൈബ്രറി (14.85%), കല-ഡിസൈൻ-മീഡിയ (11.82%), സെയിൽസ് (7.84%), ഓഫീസ് അഡ്മിനിസ്ട്രേഷൻ (7.46%), മാനേജ്‌മെന്റ് (6.84%) എന്നിങ്ങനെയാണ് മറ്റ് മേഖലകളിലെ നിരക്കുകൾ. ലോകത്തിലെ ഏറ്റവും വലിയ 15 ക്ലോഡ് വിപണികളിൽ കമ്പ്യൂട്ടർ, ഗണിതം, എൻജിനീയറിങ് മേഖലകളിലെ ഇന്ത്യയുടെ സംയോജിത എ.ഐ ഉപയോഗം 29.9 ശതമാനമാണ്. ഇത് ആഗോളതലത്തിലെ തന്നെ ഏറ്റവും ഉയർന്ന നിരക്കാണ്. ബ്രസീൽ (29.4%), പാകിസ്ഥാൻ (28.9%), മെക്സിക്കോ (28.7%), യു.എസ് (24%) എന്നിവയാണ് ഈ പട്ടികയിൽ തൊട്ടുപിന്നിലുള്ള മറ്റ് രാജ്യങ്ങൾ.
ഡോക്യുമെന്റ് മാനേജ്‌മെന്റ് സ്പെഷ്യലിസ്റ്റുകൾ, ഡാറ്റ വെയർഹൗസിങ് സ്പെഷ്യലിസ്റ്റുകൾ, കമ്പ്യൂട്ടർ പ്രോഗ്രാമർമാർ, ഡിജിറ്റൽ ഇന്റർഫേസ് ഡിസൈനർമാർ എന്നിവരാണ് ഇന്ത്യയിൽ എ.ഐ ടൂളുകൾ കൂടുതലായി പ്രയോജനപ്പെടുത്തുന്നത്. കമ്പ്യൂട്ടർ, ഗണിതശാസ്ത്ര മേഖലകളിലെ 65 ശതമാനം എ.ഐ ഇടപെടലുകളും മനുഷ്യർക്ക് സഹായിയായി പ്രവർത്തിക്കുന്ന 'ഓഗ്മെന്റേഷൻ' വിഭാഗത്തിലാണ് ഉൾപ്പെടുന്നത്. ഇത് ഇന്ത്യയിൽ എ.ഐ പ്രധാനമായും ജോലിക്ക് പകരമായല്ല, മറിച്ച് ഉൽപ്പാദനക്ഷമത വർധിപ്പിക്കാനുള്ള സഹായിയായിട്ടാണ് ഉപയോഗിക്കുന്നത് എന്നതിന്റെ സൂചനയാണ് നൽകുന്നത്.
