ഇൻസ്റ്റഗ്രാം സ്റ്റോറികൾ ഇനി ഡിലീറ്റ് ചെയ്യാതെ തന്നെ എഡിറ്റ് ചെയ്യാം; വ്യൂസും ലൈക്കുകളും നഷ്ടമാകില്ല

  1. Home
  2. Tech

ഇൻസ്റ്റഗ്രാം സ്റ്റോറികൾ ഇനി ഡിലീറ്റ് ചെയ്യാതെ തന്നെ എഡിറ്റ് ചെയ്യാം; വ്യൂസും ലൈക്കുകളും നഷ്ടമാകില്ല

instagram


ഇൻസ്റ്റഗ്രാമിൽ സ്റ്റോറി പങ്കുവെച്ച ശേഷം അതിൽ അക്ഷരത്തെറ്റുകളോ മറ്റു പിഴവുകളോ ശ്രദ്ധയിൽപ്പെട്ടാൽ ഇനി സ്റ്റോറി ഡിലീറ്റ് ചെയ്ത് വീണ്ടും അപ്‌ലോഡ് ചെയ്യേണ്ടതില്ല. നിലവിലുള്ള വ്യൂസും ലൈക്കുകളും റിപ്ലൈകളും നഷ്ടപ്പെടാതെ തന്നെ സ്റ്റോറികളിലെ തെറ്റുകൾ തിരുത്താൻ സഹായിക്കുന്ന പുതിയ അപ്‌ഡേറ്റ് ഇൻസ്റ്റഗ്രാം അവതരിപ്പിച്ചു. ഇൻസ്റ്റഗ്രാം മേധാവി ആദം മൊസേരിയാണ് തന്റെ ഔദ്യോഗിക പോസ്റ്റിലൂടെ ഈ സവിശേഷത പ്രഖ്യാപിച്ചത്.

പുതിയ ഫീച്ചർ പ്രകാരം സ്റ്റോറി പോസ്റ്റ് ചെയ്ത് ആദ്യത്തെ പതിനഞ്ച് മിനിറ്റിനുള്ളിൽ അതിലെ ടെക്സ്റ്റ്, മ്യൂസിക്, സ്റ്റിക്കറുകൾ, ഡ്രോയിംഗുകൾ എന്നിവയിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താൻ സാധിക്കും. പോസ്റ്റ് ചെയ്ത സ്റ്റോറി തുറന്ന ശേഷം താഴെ വലതുവശത്തുള്ള ത്രീ-ഡോട്ട് മെനുവിൽ ടാപ്പ് ചെയ്ത് 'എഡിറ്റ് സ്റ്റോറി' എന്ന ഓപ്ഷൻ തിരഞ്ഞെടുത്താണ് തിരുത്തലുകൾ വരുത്തേണ്ടത്. എന്നാൽ, സ്റ്റോറിയിൽ ഇത്തരത്തിൽ മാറ്റങ്ങൾ വരുത്തിയാൽ അത് എഡിറ്റ് ചെയ്തതാണെന്ന് കാഴ്ചക്കാരെ അറിയിക്കുന്നതിനായി സ്റ്റോറിയിൽ 'എഡിറ്റഡ്' എന്ന ലേബൽ പ്രദർശിപ്പിക്കുന്നതായിരിക്കും. കൂടാതെ, പോസ്റ്റ് ചെയ്ത് പതിനഞ്ച് മിനിറ്റ് പിന്നിട്ടാൽ എഡിറ്റ് ചെയ്യാനുള്ള ഈ അവസരം നഷ്ടമാകുകയും ചെയ്യും.

എഡിറ്റിംഗ് സൗകര്യത്തിന് പുറമെ, സ്റ്റോറികൾ കൂടുതൽ ആകർഷകമാക്കുന്നതിനായി പുതിയ ടൂളുകളും ഇൻസ്റ്റഗ്രാം ഉൾപ്പെടുത്തിയിട്ടുണ്ട്. പുതിയ ഫോണ്ടുകളും നിറങ്ങളുമുള്ള അധിക സ്റ്റിക്കർ ഓപ്ഷനുകൾ, സ്റ്റോറി കമ്പോസറിൽ പുതിയ ബ്ലർ, ഗ്രേഡിയന്റ് പശ്ചാത്തലങ്ങൾ തുടങ്ങിയവയാണ് പുതുതായി കൂട്ടിച്ചേർത്തിരിക്കുന്നത്.