ചൊവ്വയിൽ ജീവന്റെ തുടിപ്പോ? നിർണ്ണായക ജൈവ തന്മാത്രകൾ കണ്ടെത്തി നാസയുടെ ക്യൂരിയോസിറ്റി റോവർ
ചൊവ്വയിൽ ജീവന്റെ സാന്നിധ്യമുണ്ടായിരുന്നോ എന്ന ദീർഘകാലത്തെ അന്വേഷണങ്ങൾക്ക് കൂടുതൽ കരുത്തുപകരുന്ന കണ്ടെത്തലുമായി നാസയുടെ ക്യൂരിയോസിറ്റി റോവർ. മൗണ്ട് ഷാർപ്പിലെ കളിമൺ പ്രദേശത്തുനിന്നുള്ള പാറകളിൽ നടത്തിയ രാസപരീക്ഷണത്തിലാണ് ജീവന്റെ അടിസ്ഥാന ഘടകങ്ങളായ ജൈവകണങ്ങൾ (Organic Molecules) കണ്ടെത്തിയത്. ചൊവ്വയിൽ നിന്ന് ഇതുവരെ ലഭിച്ചതിൽ വെച്ച് ഏറ്റവും വൈവിധ്യമാർന്ന തന്മാത്രകളുടെ ശേഖരമാണിതെന്ന് ശാസ്ത്രജ്ഞർ അവകാശപ്പെടുന്നു.
റോവർ ശേഖരിച്ച സാംപിളുകളിൽ നിന്ന് 21 കാർബൺ അടങ്ങിയ തന്മാത്രകളാണ് കണ്ടെത്തിയത്. ഇതിൽ ഏഴെണ്ണം ചൊവ്വയിൽ ആദ്യമായാണ് കണ്ടെത്തുന്നത്. പ്രശസ്ത ഫോസിൽ ഗവേഷക മേരി ആനിങ്ങിന്റെ സ്മരണാർത്ഥം 'മേരി ആനിങ് 3' എന്ന് പേരിട്ടിരിക്കുന്ന സാംപിളിലായിരുന്നു ഈ പരീക്ഷണം. ജനിതക വിവരങ്ങളുടെ അടിസ്ഥാനമായ ഡിഎൻഎ (DNA), ആർഎൻഎ (RNA) എന്നിവയുടെ മുൻഗാമിയായി കണക്കാക്കപ്പെടുന്ന 'നൈട്രജൻ ഹെറ്ററോസൈക്കിളും' ഇതിൽ ഉൾപ്പെടുന്നു. കൂടാതെ, ഉൽക്കകളിൽ സാധാരണ കണ്ടുവരുന്ന 'ബെൻസോതയോഫീൻ' എന്ന തന്മാത്രയും ഇതിലുണ്ട്.
റോവറിനുള്ളിലെ 'സാംപിൾ അനാലിസിസ് അറ്റ് മാഴ്സ്' (SAM) എന്ന മിനി ലാബിൽ നടത്തിയ 'വെറ്റ് കെമിസ്ട്രി' പരീക്ഷണങ്ങളിലൂടെയാണ് ഈ സങ്കീർണ്ണ തന്മാത്രകളെ വേർതിരിച്ചെടുത്തത്. കോടിക്കണക്കിന് വർഷങ്ങളായി ചൊവ്വയിലെ കഠിനമായ റേഡിയേഷനെ അതിജീവിച്ച് ഈ ജൈവകണങ്ങൾ നശിക്കാതെ കിടക്കുന്നു എന്നത് ശാസ്ത്രലോകത്തിന് വലിയ പ്രതീക്ഷയാണ് നൽകുന്നത്. ഈ തന്മാത്രകൾ ജീവന്റെ സാന്നിധ്യം കൊണ്ടുണ്ടായതാണോ അതോ ഭൂമിശാസ്ത്രപരമായ മാറ്റങ്ങളിലൂടെ രൂപപ്പെട്ടതാണോ എന്ന് ഉറപ്പിക്കാൻ കൂടുതൽ ഗവേഷണങ്ങൾ ആവശ്യമാണെന്ന് നാസ വ്യക്തമാക്കി. 'നേച്ചർ കമ്മ്യൂണിക്കേഷൻസ്' എന്ന ജേണലിൽ ഈ പഠനവിവരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
