അമേരിക്കൻ ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിച്ച് ഐഎസ്ആർഒ; ബാഹുബലിക്ക് വീണ്ടും ചരിത്രനേട്ടം

  1. Home
  2. Tech

അമേരിക്കൻ ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിച്ച് ഐഎസ്ആർഒ; ബാഹുബലിക്ക് വീണ്ടും ചരിത്രനേട്ടം

BAHUBALI


ഇന്ത്യയുടെ കരുത്തുറ്റ റോക്കറ്റായ എൽ.വി.എം 3 (LVM3-M6) ബഹിരാകാശത്ത് മറ്റൊരു അഭിമാനനേട്ടം കൂടി കുറിച്ചു. അമേരിക്കൻ കമ്പനിയായ എ.എസ്.ടി സ്പേസ് മൊബൈലിന്റെ (AST SpaceMobile) 6,100 കിലോ ഭാരമുള്ള 'ബ്ലൂബേർഡ് ബ്ലോക്ക് 2' ഉപഗ്രഹത്തെയാണ് ഈ ദൗത്യത്തിലൂടെ ഇന്ത്യ ബഹിരാകാശത്തെത്തിച്ചത്. എൽ.വി.എം 3-യുടെ മൂന്നാമത്തെ വാണിജ്യ ദൗത്യമാണിത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് ഇന്ന് രാവിലെ 8:55-നായിരുന്നു വിക്ഷേപണം.

മൊബൈൽ ഫോണുകളിലേക്ക് നേരിട്ട് ഉപഗ്രഹ ഇന്റർനെറ്റ് സേവനങ്ങൾ ലഭ്യമാക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ബ്ലൂബേർഡ് ഉപഗ്രഹം. വിക്ഷേപണം കഴിഞ്ഞ് ഏകദേശം 15 മിനിറ്റിനുള്ളിൽ ഉപഗ്രഹം റോക്കറ്റിൽ നിന്ന് വേർപെട്ട് 520 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിൽ കൃത്യമായി എത്തിച്ചേർന്നു. ഐഎസ്ആർഒയുടെ വാണിജ്യ വിഭാഗമായ ന്യൂസ്പേസ് ഇന്ത്യ ലിമിറ്റഡും (NSIL) യുഎസ് കമ്പനിയും തമ്മിലുള്ള കരാറിന്റെ ഭാഗമായാണ് ഈ വിക്ഷേപണം നടന്നത്. രണ്ട് മാസത്തിനിടയിൽ രണ്ട് എൽ.വി.എം 3 വിക്ഷേപണങ്ങൾ നടക്കുന്നു എന്ന പ്രത്യേകതയും ഇത്തവണയുണ്ട്.

മറ്റു ഉപഗ്രഹങ്ങളുമായോ ബഹിരാകാശ അവശിഷ്ടങ്ങളുമായോ കൂട്ടിയിടിക്കാനുള്ള സാധ്യത കണക്കിലെടുത്ത് വിക്ഷേപണം 90 സെക്കൻഡ് വൈകിപ്പിച്ചിരുന്നു. നേരത്തെ 8:54-ന് നിശ്ചയിച്ചിരുന്ന വിക്ഷേപണം ഇതേത്തുടർന്ന് 8:55:30-ലേക്കാണ് മാറ്റിയത്. ശ്രീഹരിക്കോട്ടയ്ക്ക് മുകളിലുള്ള വ്യോമപാതയിലൂടെ നിരവധി ഉപഗ്രഹങ്ങൾ കടന്നുപോകുന്നതിനാൽ ഇത്തരം മുൻകരുതലുകൾ സാധാരണമാണെന്ന് ഐഎസ്ആർഒ വ്യക്തമാക്കി. 'ബാഹുബലി' എന്ന വിളിപ്പേരുള്ള എൽ.വി.എം 3 റോക്കറ്റിന്റെ വിശ്വാസ്യത അന്താരാഷ്ട്ര തലത്തിൽ ഒരിക്കൽ കൂടി തെളിയിക്കുന്നതായി ഈ ദൗത്യം.