കാൻസർ കോശങ്ങളെ മാത്രം തിരഞ്ഞുപിടിച്ച് ആക്രമിക്കും; പുതിയ മരുന്ന് വികസിപ്പിച്ച് ഇന്ത്യൻ ഗവേഷകർ
കീമോതെറാപ്പിയുടെ പാർശ്വഫലങ്ങൾ കുറച്ച് കാൻസർ കോശങ്ങളെ മാത്രം കൃത്യമായി ലക്ഷ്യമിട്ട് ആക്രമിക്കുന്ന 'RK-251' എന്ന പുതിയ പരീക്ഷണാത്മക മരുന്ന് ഇന്ത്യൻ ഗവേഷകർ വികസിപ്പിച്ചു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡി ഇൻ സയൻസ് ആൻഡ് ടെക്നോളജിയിലെ (IASST) ഡോ. അസിസ് ബാലയുടെയും ഐ.ഐ.ടി ഗുവാഹത്തിയിലെ ഡോ. കെ.പി. ഭാബകുമാറിന്റെയും നേതൃത്വത്തിലാണ് പഠനം നടന്നത്. 'എ.സി.എസ് ജേർണൽ ഓഫ് മെഡിസിനൽ കെമിസ്ട്രി'യിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
കാൻസർ കോശങ്ങളിലെ ഉയർന്ന അളവിലുള്ള റിയാക്ടീവ് ഓക്സിജൻ സ്പീഷിസുകളോട് (ROS) പ്രതികരിച്ച് RK-251 രാസമാറ്റത്തിന് വിധേയമാവുകയും, കാൻസർ വിരുദ്ധ സംയുക്തമായ NBDHEX പുറന്തള്ളുകയുമാണ് ചെയ്യുന്നത്. ഇത് ആരോഗ്യകരമായ കോശങ്ങളെ ബാധിക്കാതെ കാൻസർ കോശങ്ങളെ മാത്രം നശിപ്പിക്കും.
ട്രിപ്പിൾ-നെഗറ്റീവ് ബ്രെസ്റ്റ് കാൻസർ കോശങ്ങൾക്കെതിരെയുള്ള പ്രീക്ലിനിക്കൽ പരീക്ഷണങ്ങളിൽ മരുന്ന് മികച്ച വിജയം കണ്ടു. കൂടുതൽ മൃഗങ്ങളിലെ പരീക്ഷണങ്ങൾക്കും ട്യൂമറുകളിലെ പ്രവർത്തന പഠനങ്ങൾക്കും ശേഷമായിരിക്കും മനുഷ്യരിലെ ക്ലിനിക്കൽ ട്രയലുകൾ ആരംഭിക്കുക.
