ലോകത്താദ്യമായി 'റോബോട്ട് ആംബുലൻസുമായി' ജപ്പാൻ; ലക്ഷ്യം മനുഷ്യരുടെ ജീവൻ രക്ഷിക്കലല്ല

  1. Home
  2. Tech

ലോകത്താദ്യമായി 'റോബോട്ട് ആംബുലൻസുമായി' ജപ്പാൻ; ലക്ഷ്യം മനുഷ്യരുടെ ജീവൻ രക്ഷിക്കലല്ല

robot ambulance


തകരാറിലായ ഹ്യൂമനോയ്ഡ് റോബോട്ടുകൾക്ക് അടിയന്തിര റോഡ് സൈഡ് അസിസ്റ്റൻസും വേഗത്തിലുള്ള അറ്റകുറ്റപ്പണിയും ഉറപ്പാക്കുന്നതിനായി ലോകത്തിലെ ആദ്യ 'റോബോട്ട് ആംബുലൻസ്' അവതരിപ്പിച്ച് ജപ്പാൻ. മനുഷ്യരെ പരിചരിക്കാനല്ല, മറിച്ച് റോബോട്ടുകളുടെ തകരാറുകൾ പരിഹരിക്കാനുള്ള മൊബൈൽ റിപ്പയർ യൂണിറ്റാണിത്. ജാപ്പനീസ് ടെക് ഭീമനായ ജി.എം.ഓ ഇന്റർനെറ്റ് ഗ്രൂപ്പാണ് (GMO Air) ഈ ആശയം വികസിപ്പിച്ചത്. ആംബുലൻസുകൾ ഉടൻ തന്നെ ടോക്യോ തെരുവുകളിൽ സർവീസ് ആരംഭിക്കുമെന്ന് 'ഇന്ററസ്റ്റിങ് എഞ്ചിനീയറിങ്' റിപ്പോർട്ട് ചെയ്യുന്നു.

എഞ്ചിനീയർമാർ, നൂതന വയർലെസ് ഡയഗ്‌നോസ്റ്റിക് ഉപകരണങ്ങൾ, സ്‌പെയർ പാർട്‌സുകൾ എന്നിവ അടങ്ങിയതായിരിക്കും ഈ ആംബുലൻസ് യൂണിറ്റുകൾ. സങ്കീർണ്ണമായ ചുറ്റുപാടുകളിൽ ജോലി ചെയ്യുന്ന ഹ്യൂമനോയ്ഡ് റോബോട്ടുകൾക്ക് സംഭവിക്കുന്ന കാൽതെറ്റൽ, സോഫ്റ്റ്‌വെയർ തകരാറുകൾ, സെൻസർ തകരാറുകൾ, ബാറ്ററി പ്രശ്നങ്ങൾ എന്നിവ കാരണം റോബോട്ടുകൾ നിശ്ചലമാകുമ്പോഴാണ് ആംബുലൻസ് സഹായത്തിനെത്തുക.

പ്രവർത്തനരഹിതമായ ഭാരമേറിയ റോബോട്ടുകളെ റിപ്പയർ സെന്ററുകളിലേക്ക് കൊണ്ടുപോകുന്നത് സമയനഷ്ടവും വലിയ സാമ്പത്തികച്ചെലവും വരുത്തുന്നതിനാലാണ് റിപ്പയർ ഷോപ്പ് നേരിട്ട് റോബോട്ടിന്റെ അരികിലേക്ക് എത്തിക്കുന്ന സംവിധാനം രൂപകൽപ്പന ചെയ്തത്. സ്ഥലത്തെത്തുന്ന ടെക്നീഷ്യന്മാർ തകരാറുകൾ പരിഹരിച്ച് ബാലൻസ് ഗൈറോകളും മോഷൻ കൺട്രോളറുകളും റീ-സിങ്ക് ചെയ്ത് റോബോട്ടിനെ ഉടൻ തന്നെ പ്രവർത്തനസജ്ജമാക്കും.