കൊടുംചൂടിനെ പ്രതിരോധിക്കാൻ മനുഷ്യർക്കായി പ്രത്യേക ‘ഫ്രിഡ്ജ്’: ജപ്പാന്റെ പുതിയ കണ്ടുപിടുത്തം ശ്രദ്ധനേടുന്നു

  1. Home
  2. Tech

കൊടുംചൂടിനെ പ്രതിരോധിക്കാൻ മനുഷ്യർക്കായി പ്രത്യേക ‘ഫ്രിഡ്ജ്’: ജപ്പാന്റെ പുതിയ കണ്ടുപിടുത്തം ശ്രദ്ധനേടുന്നു

japan tech


ലോകമെമ്പാടും കൊടുംചൂട് വലിയ ഭീഷണിയാകുന്ന സാഹചര്യത്തിൽ, വേനലിനെ പ്രതിരോധിക്കാൻ വേറിട്ട കണ്ടുപിടിത്തവുമായി ജപ്പാൻ. മനുഷ്യർക്ക് കയറിയിരിക്കാവുന്ന രീതിയിലുള്ള പ്രത്യേക ഫ്രിഡ്ജാണ് ജപ്പാൻ വികസിപ്പിച്ചെടുത്തിരിക്കുന്നത്. 'ഡു ഹീമോൺ ബോക്സ്' (Do Hemon Box) എന്ന് പേരിട്ടിരിക്കുന്ന ഈ ഉപകരണം, കടുത്ത ചൂടിൽ ജോലി ചെയ്യുന്നവർക്കും ഹീറ്റ് സ്ട്രോക്ക് ഉൾപ്പെടെയുള്ള ആരോഗ്യ പ്രശ്നങ്ങൾ ഒഴിവാക്കാനുമായി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്.

വലിയൊരു സ്റ്റെയിൻലെസ് സ്റ്റീൽ ഫ്രിഡ്ജിന്റെ രൂപത്തിലുള്ള ഈ ബോക്സിനുള്ളിൽ കയറി വാതിലടച്ചാൽ, തല, കഴുത്ത്, തോൾ എന്നിവിടങ്ങളിലേക്ക് തണുത്ത വായു ശക്തമായി വീശും. 15 ഡിഗ്രി സെൽഷ്യസ് താപനില നിലനിർത്തുന്ന ഈ ഉപകരണം 5 ഡിഗ്രി സെൽഷ്യസ് തണുത്ത വായുവാണ് ഉള്ളിലേക്ക് കടത്തിവിടുന്നത്. ഇത് നിമിഷങ്ങൾക്കകം ശരീര താപനില കുറയ്ക്കാൻ സഹായിക്കും.

ജപ്പാനിലെ 'ട്രസ്കോ നകയാമ കോർപറേഷൻ' ആണ് ഈ സാങ്കേതികവിദ്യ വികസിപ്പിച്ചത്. ഏകദേശം 15 ലക്ഷം യെൻ (ഏകദേശം 9.04 ലക്ഷം ഇന്ത്യൻ രൂപ) ആണ് ഇതിന്റെ വില. വിപണിയിലിറങ്ങിയത് മുതൽ സ്റ്റീൽ ഫാക്ടറികൾ, നിർമ്മാണ മേഖലകൾ, ഗോൾഫ് കോഴ്‌സുകൾ, സർവ്വകലാശാലകൾ എന്നിവടങ്ങളിലായി 200-ഓളം യൂണിറ്റുകൾ വിറ്റഴിഞ്ഞിട്ടുണ്ട്. അടുത്തിടെ കുമമോട്ടോയിലുണ്ടായ ഭൂചലനത്തിന് ശേഷം ദുരിതാശ്വാസ ക്യാമ്പുകളിലും ഇത് എത്തിച്ചിരുന്നു. ജർമ്മനി, അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നും ഈ ഉപകരണത്തിനായി അന്വേഷണങ്ങൾ ലഭിക്കുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.