മസ്‌കിന്റെ സ്റ്റാര്‍ലിങ്കിനോട് മുട്ടാൻ ജിയോ; സാറ്റലൈറ്റ് ഇന്റര്‍നെറ്റ് രംഗത്തേക്ക്, ഫോൺ കോളുകൾക്കായി എഐ അസിസ്റ്റന്റും
ആഗോള ഉപഗ്രഹ ഇന്റര്‍നെറ്റ് വിപണിയിലെ ഭീമന്മാരായ ഇലോണ്‍ മസ്‌കിന്റെ സ്റ്റാര്‍ലിങ്കിന് വെല്ലുവിളിയുയര്‍ത്തി റിലയന്‍സ് ജിയോ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ രംഗത്തേക്ക്. ഇന്ത്യയ്ക്കായി സ്വന്തമായി ലോ എര്‍ത്ത് ഓര്‍ബിറ്റ് സാറ്റലൈറ്റ് (LEO) ശൃംഖല വികസിപ്പിക്കാനുള്ള വൻ പദ്ധതികളാണ് കമ്പനി പ്രഖ്യാപിച്ചത്. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വാര്‍ഷിക പൊതുയോഗത്തില്‍ ജിയോ ചെയര്‍മാന്‍ ആകാശ് അംബാനിയാണ് ഈ സുപ്രധാന വിവരം പുറത്തുവിട്ടത്.
ആഗോള ഉപഗ്രഹ ഓപ്പറേറ്റര്‍മാരുമായി സഹകരിച്ച് സ്വന്തം ഉപഗ്രഹ ശൃംഖല സ്ഥാപിക്കാനാണ് ജിയോയുടെ നീക്കം. സാധാരണ മൊബൈൽ നെറ്റ്‌വര്‍ക്കുകൾ നേരിട്ടെത്താന്‍ കഴിയാത്ത ഇന്ത്യയിലെ വിദൂര ഗ്രാമങ്ങളിലും ദ്വീപുകളിലും അതിര്‍ത്തി പ്രദേശങ്ങളിലും അതിവേഗ കണക്റ്റിവിറ്റി എത്തിക്കാൻ ഇത് സഹായിക്കും. ഇതിന്റെ ഭാഗമായി ബഹിരാകാശത്തെ ഉപഗ്രഹങ്ങളുമായി ബന്ധപ്പെടാൻ സഹായിക്കുന്ന സ്വന്തം ഗ്രൗണ്ട് സ്റ്റേഷനുകളും ജിയോ രാജ്യത്ത് സ്ഥാപിക്കുന്നുണ്ട്. ഭൂമിയോട് വളരെ അടുത്ത ഭ്രമണപഥത്തിൽ (160 കി.മീ - 2000 കി.മീ) സ്ഥിതി ചെയ്യുന്ന എൽ.ഇ.ഒ ഉപഗ്രഹങ്ങൾ വഴി പരമ്പരാഗത ഉപഗ്രഹങ്ങളേക്കാൾ വേഗതയേറിയ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് ലഭ്യമാക്കാൻ സാധിക്കും.
നിലവില്‍ ആഗോള സാറ്റലൈറ്റ് ബ്രോഡ്ബാന്‍ഡ് വിപണിയില്‍ 10,000-ത്തിലധികം ഉപഗ്രഹങ്ങളുമായി മസ്‌കിന്റെ സ്റ്റാര്‍ലിങ്കാണ് മുന്നിലുള്ളത്. ആമസോണിന്റെ 'പ്രോജക്റ്റ് കൈപ്പർ', ഭാരതി എയർടെലിന്റെ പിന്തുണയുള്ള 'യൂട്ടല്‍സാറ്റ് വണ്‍വെബ്' എന്നിവയും ഈ രംഗത്തുണ്ട്. സാറ്റലൈറ്റ് ഇന്റർനെറ്റിന് പുറമെ, സാധാരണ ഫോണ്‍ കോളുകള്‍ക്കിടയില്‍ നേരിട്ട് പ്രവർത്തിപ്പിക്കാൻ കഴിയുന്ന 'ജിയോ കോള്‍ ഏജന്റ്' (Jio Call Agent) എന്ന എഐ അസിസ്റ്റന്റും കമ്പനി അവതരിപ്പിച്ചു. മറ്റ് എഐ ആപ്പുകളിൽ നിന്നും വ്യത്യസ്തമായി, കോളിനിടയില്‍ 'ഹേയ് ജിയോ' എന്ന് പറയുന്നതിലൂടെ തന്നെ ഈ എഐ അസിസ്റ്റന്റ് സജീവമാകും.
