കുട്ടികളുടെ സുരക്ഷയിലെ വീഴ്ച; 18 ബില്യൺ ഡോളർ നഷ്ടപരിഹാരം നൽകാൻ മെറ്റ ധാരണയായി

  1. Home
  2. Tech

കുട്ടികളുടെ സുരക്ഷയിലെ വീഴ്ച; 18 ബില്യൺ ഡോളർ നഷ്ടപരിഹാരം നൽകാൻ മെറ്റ ധാരണയായി

Meta


സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളായ ഇൻസ്റ്റാഗ്രാമും ഫേസ്ബുക്കും കുട്ടികളുടെ മാനസികാരോഗ്യത്തെയും സുരക്ഷയെയും പ്രതികൂലമായി ബാധിക്കുന്നുവെന്ന കേസിൽ ചരിത്രപരമായ ഒത്തുതീർപ്പിന് ഒരുങ്ങി മെറ്റ. യു.എസിലെ വിവിധ സംസ്ഥാനങ്ങൾ ഫയൽ ചെയ്ത കേസുകൾ അവസാനിപ്പിക്കുന്നതിനായി 18 ബില്യൺ ഡോളർ (ഏകദേശം 1.5 ലക്ഷം കോടി രൂപ) നഷ്ടപരിഹാരം നൽകാൻ കമ്പനി സമ്മതിച്ചു. പണം നൽകുന്നതിന് പുറമെ പ്ലാറ്റ്‌ഫോമുകളുടെ പ്രവർത്തനരീതിയിൽ വിപ്ലവകരമായ മാറ്റങ്ങൾ വരുത്താനും മെറ്റ നിർബന്ധിതരായിട്ടുണ്ട്.

ഒത്തുതീർപ്പ് വ്യവസ്ഥകളുടെ ഭാഗമായി കൗമാരക്കാരുടെ ഉപയോഗം നിയന്ത്രിക്കാൻ കടുത്ത സുരക്ഷാ മാനദണ്ഡങ്ങൾ നിലവിൽ വരും. രാത്രി സമയങ്ങളിൽ നോട്ടിഫിക്കേഷനുകൾ തടയുന്ന 'നൈറ്റ് മോഡ്', പ്രതിദിന ഉപയോഗം പരമാവധി 2 മണിക്കൂറായി പരിമിതപ്പെടുത്തൽ, സ്‌കൂൾ സമയങ്ങളിൽ നോട്ടിഫിക്കേഷനുകൾ മ്യൂട്ടാക്കൽ എന്നിവ സ്വയം പ്രവർത്തിക്കുന്ന രീതിയിൽ ക്രമീകരിക്കും. ലൈക്കുകൾ മറച്ചുവെക്കുക, തുടർച്ചയായി വീഡിയോകൾ പ്ലേ ചെയ്യുന്നത് തടയുക, അൽഗോരിതം ഇല്ലാത്ത ഫീഡുകൾ ലഭ്യമാക്കുക തുടങ്ങിയ സവിശേഷതകളും ഉൾപ്പെടുത്തും. രക്ഷിതാക്കളുടെ പ്രത്യേക അനുമതിയോടെ മാത്രമേ ഈ നിയന്ത്രണങ്ങളിൽ മാറ്റം വരുത്താനാകൂ.

കാലിഫോർണിയൻ ജഡ്ജി ഇവോൺ ഗോൺസാലസ് റോജേഴ്സ് ഒത്തുതീർപ്പ് നിർദ്ദേശങ്ങൾക്ക് അംഗീകാരം നൽകി. കുട്ടികളുടെ സുരക്ഷ ലംഘിച്ചുവെന്ന് കാണിച്ച് 2023-ൽ സംസ്ഥാനങ്ങൾ നൽകിയ ഹരജിയും തുടർന്ന് പുറത്തുവന്ന ആന്തരിക ഇമെയിലുകളുമാണ് കമ്പനിക്ക് തിരിച്ചടിയായത്. അടുത്ത 10 വർഷം കൊണ്ട് ഘട്ടംഘട്ടമായി തുക അടച്ചുതീർക്കുമെന്ന് അറിയിച്ച മെറ്റ, ടിക് ടോക് ഉൾപ്പെടെയുള്ള മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളും ഇത്തരം സുരക്ഷാ മാനദണ്ഡങ്ങൾ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടു.