ഫോട്ടോ പോലെ ഇനി ടെക്സ്റ്റും അപ്രത്യക്ഷമാകും; 'വ്യൂ വൺസ്' മെസേജ് ഫീച്ചറുമായി വാട്സ്ആപ്പ്
ചിത്രങ്ങളും വിഡിയോകളും ഒരു തവണ മാത്രം കാണാൻ സഹായിക്കുന്ന 'വ്യൂ വൺസ്' (View Once) ഫീച്ചറിന് പിന്നാലെ, ടെക്സ്റ്റ് മെസേജുകൾക്കായും സമാനമായ സംവിധാനം അവതരിപ്പിക്കാൻ ഒരുങ്ങി വാട്സ്ആപ്പ്. പുതിയ ഫീച്ചർ പ്രകാരം അയക്കുന്ന സന്ദേശങ്ങൾ സ്വീകർത്താവ് ഒരു തവണ വായിച്ചുകഴിഞ്ഞാൽ ചാറ്റിൽ നിന്ന് ഉടനടി അപ്രത്യക്ഷമാകും. നിലവിൽ വികസന ഘട്ടത്തിലുള്ള ഈ ഫീച്ചർ വരും ആഴ്ചകളിൽ തന്നെ ഉപയോക്താക്കളിലേക്ക് എത്തിയേക്കും.
ഐ.ഒ.എസ് (iOS), ആൻഡ്രോയിഡ് പ്ലാറ്റ്‌ഫോമുകളിലെ വാട്സ്ആപ്പിന്റെ പുതിയ ബീറ്റാ വേർഷനുകളിലാണ് ഈ ഫീച്ചറിനെക്കുറിച്ചുള്ള സൂചനകൾ കണ്ടെത്തിയത്. ചാറ്റുകളിലൂടെ വ്യക്തിപരമായ വിവരങ്ങളും പാസ്‌വേഡുകളും മറ്റും കൈമാറുമ്പോൾ ഉപയോക്താക്കൾക്ക് കൂടുതൽ സുരക്ഷിതത്വവും സ്വകാര്യതയും നൽകാനാണ് കമ്പനി ഇതിലൂടെ ലക്ഷ്യമിടുന്നത്. നിലവിൽ നിശ്ചിത സമയത്തിന് ശേഷം സന്ദേശങ്ങൾ അപ്രത്യക്ഷമാകുന്ന 'ഡിസപ്പിയറിങ് മെസേജസ്' സംവിധാനമുണ്ടെങ്കിലും, തുറന്ന ഉടൻ മാറുന്ന ടെക്സ്റ്റ് ഫീച്ചർ ആദ്യമായാണ് വരുന്നത്.
പ്രവർത്തിക്കുന്നത് എങ്ങനെ?
ഒരു മെസേജ് ടൈപ്പ് ചെയ്ത ശേഷം അത് അയക്കാനുള്ള 'സെൻഡ്' (Send) ബട്ടണിൽ അമർത്തിപ്പിടിച്ചാൽ (Long press) ഈ ഫീച്ചർ ആക്ടിവേറ്റ് ചെയ്യാനാകും. അപ്പോൾ തെളിഞ്ഞുവരുന്ന 'Send as View Once' എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത് സന്ദേശം അയക്കാം. നിലവിലുള്ള വ്യൂ വൺസ് ചിത്രങ്ങളെപ്പോലെ തന്നെ ഈ ടെക്സ്റ്റ് മെസേജുകളും കോപ്പി ചെയ്യാനോ, മറ്റൊരാൾക്ക് ഫോർവേഡ് ചെയ്യാനോ, ഷെയർ ചെയ്യാനോ സാധിക്കില്ല. സുരക്ഷ മുൻനിർത്തി ഇതിന്റെ സ്ക്രീൻഷോട്ട് എടുക്കുന്നതിനും സ്ക്രീൻ റെക്കോർഡിങ് നടത്തുന്നതിനും നിയന്ത്രണങ്ങൾ ഉണ്ടായേക്കും. അതേസമയം, പുതിയ ഫീച്ചറിനെക്കുറിച്ച് വാട്സ്ആപ്പ് ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല.
