'മേഡ് ഇൻ ചൈന' സൂര്യൻ; ലോകത്തിലെ ഏറ്റവും വലിയ കാന്തം പരീക്ഷിച്ച് ചൈന

  1. Home
  2. Tech

'മേഡ് ഇൻ ചൈന' സൂര്യൻ; ലോകത്തിലെ ഏറ്റവും വലിയ കാന്തം പരീക്ഷിച്ച് ചൈന

sun


പരിധിയില്ലാത്തതും ശുദ്ധവുമായ ഊർജ്ജം ലക്ഷ്യമിട്ടുള്ള കൃത്രിമ സൂര്യൻ പദ്ധതിയിൽ നിർണായക മുന്നേറ്റവുമായി ചൈന. ലോകത്തിലെ ഏറ്റവും വലിയ അതിചാലക ഫ്യൂഷൻ കാന്തത്തിന്റെ നിർമ്മാണവും പരീക്ഷണവും ചൈനീസ് അക്കാദമി ഓഫ് സയൻസിന് കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാസ്മ ഫിസിക്സ് വിജയകരമായി പൂർത്തിയാക്കി. 2030-ഓടെ അണുകേന്ദ്ര സംയോജനത്തിലൂടെ വൈദ്യുതി ഉൽപ്പാദിപ്പിക്കുക എന്ന ചൈനയുടെ ലക്ഷ്യത്തിന് ഈ നേട്ടം വലിയ കരുത്തുപകരും.

ഡി ആകൃതിയിലുള്ള ഈ ടോയ്റോയിഡൽ ഫീൽഡ് സൂപ്പർകണ്ടക്റ്റിംഗ് കാന്തത്തിന് 21 മീറ്റർ നീളവും 12 മീറ്റർ വീതിയും 582 ടൺ ഭാരവുമുണ്ട്. സൂര്യനിൽ ഊർജ്ജം ഉൽപ്പാദിപ്പിക്കുന്ന പ്രക്രിയ അനുകരിച്ച്, 100 ദശലക്ഷം ഡിഗ്രി സെൽഷ്യസിനുമുകളിലുള്ള പ്ലാസ്മയെ ചോർന്നുപോകാതെ നിയന്ത്രിച്ചു നിർത്തുകയാണ് ഈ ഭീമൻ കാന്തത്തിന്റെ പ്രധാന ചുമതല. മൈനസ് 269 ഡിഗ്രി സെൽഷ്യസ് താപനിലയിൽ 60 വർഷത്തോളം തകരാറുകളില്ലാതെ പ്രവർത്തിക്കാൻ ഇതിന് സാധിക്കും.

പൂർണ്ണമായും തദ്ദേശീയ സാങ്കേതികവിദ്യയിൽ വികസിപ്പിച്ച ഈ കാന്തത്തിന് അന്താരാഷ്ട്ര തലത്തിൽ നിർമ്മിച്ച മറ്റ് സമാന കാന്തങ്ങളെ അപേക്ഷിച്ച് മൂന്നിരട്ടി ഊർജ്ജ സംഭരണശേഷിയുണ്ട്. ബേണിംഗ് പ്ലാസ്മ എക്സ്പിരിമെന്റൽ സൂപ്പർകണ്ടക്റ്റിംഗ് ടോകാമാക് 2027-ഓടെ പൂർത്തിയാക്കി ലോകത്തിലെ ആദ്യത്തെ ഫ്യൂഷൻ ഡെമോൺസ്ട്രേഷൻ പവർ സ്റ്റേഷൻ നിർമ്മിക്കാനാണ് ചൈന പദ്ധതിയിടുന്നത്.