കാൻവയിൽ കൂട്ടപ്പിരിച്ചുവിടൽ; ജീവനക്കാർക്ക് മാക്ബുക്കും 6 മാസത്തെ ശമ്പളവും സാമ്പത്തിക സഹായവും

  1. Home
  2. Tech

കാൻവയിൽ കൂട്ടപ്പിരിച്ചുവിടൽ; ജീവനക്കാർക്ക് മാക്ബുക്കും 6 മാസത്തെ ശമ്പളവും സാമ്പത്തിക സഹായവും

canva


ടെക് ലോകത്തെ ഞെട്ടിച്ച് പ്രമുഖ ഡിസൈൻ ആപ്പായ കാൻവ (Canva) 1,271 ജീവനക്കാരെ പിരിച്ചുവിട്ടു. ആകെ ജീവനക്കാരുടെ 22 ശതമാനത്തോളം വരുന്ന ആളുകൾക്കാണ് ജോലി നഷ്ടമായത്. എന്നാൽ പിരിച്ചുവിട്ട ജീവനക്കാർക്കായി കമ്പനി നൽകിയ മികച്ച നഷ്ടപരിഹാര പാക്കേജ് ടെക് ലോകത്ത് വലിയ പ്രശംസ നേടുകയാണ്.

വളർച്ചയിലുണ്ടായ മാന്ദ്യം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) മേഖലയിലെ ഉയർന്ന ചെലവുകൾ, കടുത്ത മത്സരം എന്നിവയാണ് പിരിച്ചുവിടലിലേക്ക് നയിച്ചതെന്ന് കാൻവ സി.ഇ.ഒ മെലാനി പെർകിൻസ് പറഞ്ഞു. കഴിഞ്ഞ പത്ത് വർഷത്തിനിടെ ഇതാദ്യമായാണ് കമ്പനിയുടെ വളർച്ച നിരക്കിൽ കുറവുണ്ടാകുന്നത്.

തൊഴിൽ നഷ്ടപ്പെട്ടവർക്ക് മാതൃകാപരമായ ആനുകൂല്യങ്ങളാണ് കാൻവ പ്രഖ്യാപിച്ചിരിക്കുന്നത്. കമ്പനി ജോലി ആവശ്യത്തിനായി നൽകിയ മാക്ബുക്കുകൾ തിരികെ വാങ്ങാതെ ജീവനക്കാർക്ക് തന്നെ നൽകി. ഇതിനുപുറമെ കുറഞ്ഞത് 6 മാസത്തെ ശമ്പളവും നൽകും.

ഒരു വർഷത്തേക്ക് സൗജന്യ ആരോഗ്യ ഇൻഷുറൻസ്, ലിങ്ക്ഡ്ഇൻ പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ, കരിയർ കോച്ചിങ്, റെസ്യൂമി തയാറാക്കാനുള്ള സഹായം എന്നിവയും ഉറപ്പാക്കിയിട്ടുണ്ട്. സ്വന്തമായി പുതിയ സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് കാൻവ കളക്ടീവ് ഫണ്ട് വഴി 10,000 യു.എസ് ഡോളർ (ഏകദേശം 8.3 ലക്ഷം രൂപ) ഗ്രാന്റായും നൽകും.