വാട്സാപ്പിൽ വൻ അപ്ഡേറ്റ്; ചാറ്റ് തുറക്കാതെ തന്നെ ആരെല്ലാം ഓൺലൈനുണ്ടെന്ന് ഇനി അറിയാം
വാട്സാപ്പ് ഉപയോക്താക്കൾ ഏറെ നാളായി കാത്തിരുന്ന ഒരു സുപ്രധാന ഫീച്ചർ കൂടി അണിയറയിൽ ഒരുങ്ങുന്നു. കോൺടാക്ട് ലിസ്റ്റിലുള്ളവർ ഓൺലൈനിൽ വരുമ്പോൾ ചാറ്റ് വിൻഡോ തുറക്കാതെ തന്നെ ചാറ്റ് ലിസ്റ്റിൽ നിന്ന് നേരിട്ട് മനസ്സിലാക്കാൻ സഹായിക്കുന്ന സംവിധാനമാണ് വാട്സാപ്പ് അവതരിപ്പിക്കുന്നത്. ഇതിനായി ഉപയോക്താക്കളുടെ പ്രൊഫൈൽ ചിത്രത്തിന് സമീപം പച്ച നിറത്തിലുള്ള ഡോട്ട് (Green Dot) ദൃശ്യമാകും. ഫേസ്ബുക് മെസ്സഞ്ചർ, ടെലഗ്രാം തുടങ്ങിയ ജനപ്രിയ ആപ്പുകളിൽ നിലവിലുള്ള ഈ ഫീച്ചർ, ആൻഡ്രോയിഡ് ബീറ്റാ പതിപ്പുകൾക്ക് പിന്നാലെ ഇപ്പോൾ ഐഫോൺ (iOS) ബീറ്റാ ഉപയോക്താക്കൾക്കുമായി ലഭ്യമാക്കിത്തുടങ്ങിയിട്ടുണ്ട്.
നിലവിലെ സംവിധാനമനുസരിച്ച് ഒരാളുടെ ഓൺലൈൻ സ്റ്റാറ്റസ് അറിയണമെങ്കിൽ അയാളുമായുള്ള ചാറ്റ് ബോക്സ് തുറന്ന് നോക്കേണ്ടതുണ്ട്. എന്നാൽ പുതിയ അപ്ഡേറ്റിൽ, ഉപയോക്താവ് ഓൺലൈനിലുള്ള സമയം പ്രൊഫൈൽ പിക്ചറിന് താഴെ പച്ച ലൈറ്റ് തെളിയുകയും ഓഫ്ലൈനായാൽ ഉടൻ ഇത് മാറുകയും ചെയ്യും.
വാട്സാപ്പിന്റെ സ്വകാര്യതാ നിയമങ്ങൾ പൂർണ്ണമായി പാലിച്ചുകൊണ്ട് മാത്രമായിരിക്കും ഈ ഫീച്ചർ പ്രവർത്തിക്കുക. അതിനാൽ, 'ലാസ്റ്റ് സീൻ', 'ഓൺലൈൻ സ്റ്റാറ്റസ്' എന്നിവ മുൻകൂട്ടി ഹൈഡ് (Hide) ചെയ്തുവെച്ചിട്ടുള്ളവരുടെ പ്രൊഫൈലിൽ ഈ പച്ച ഡോട്ട് കാണാൻ സാധിക്കില്ല. നിലവിൽ ബീറ്റാ ടെസ്റ്റർമാർക്ക് മാത്രം ലഭ്യമായ ഈ മാറ്റം, പരീക്ഷണങ്ങൾ പൂർത്തിയാകുന്നതോടെ വൈകാതെ തന്നെ പൊതു ഉപയോക്താക്കളിലേക്ക് എത്തും.
