'മാവെൻ' പേടകം ഇനി ഓർമ്മ; ഔദ്യോഗികമായി സ്ഥിരീകരിച്ച് നാസ

  1. Home
  2. Tech

'മാവെൻ' പേടകം ഇനി ഓർമ്മ; ഔദ്യോഗികമായി സ്ഥിരീകരിച്ച് നാസ

maven


ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ച് പഠിക്കാൻ നാസ അയച്ച 'മാവെൻ' (MAVEN) പര്യവേക്ഷണ പേടകം എന്നെന്നേക്കുമായി നഷ്ടപ്പെട്ടതായി ഔദ്യോഗിക സ്ഥിരീകരണം. കഴിഞ്ഞ വർഷം (2025) ഡിസംബറിൽ ചൊവ്വയുടെ മറുഭാഗത്തേക്ക് പോയ പേടകവുമായുള്ള ആശയവിനിമയം പെട്ടെന്ന് വിച്ഛേദിക്കപ്പെടുകയായിരുന്നു. പേടകം ഇനി തിരിച്ചുപിടിക്കാൻ കഴിയില്ലെന്ന് നാസയുടെ പ്രത്യേക അന്വേഷണ ബോർഡ് വ്യക്തമാക്കി. 2013 നവംബറിൽ വിക്ഷേപിച്ച മാവെൻ 2014-ലാണ് ചൊവ്വയുടെ ഭ്രമണപഥത്തിൽ എത്തിയത്. വെറും ഒരു വർഷത്തെ കാലാവധിക്ക് അയച്ച പേടകം 11 വർഷത്തിലധികം വിജയകരമായി പ്രവർത്തിച്ച ശേഷമാണ് ഇപ്പോൾ നാസയ്ക്ക് നഷ്ടമായിരിക്കുന്നത്.

കഴിഞ്ഞ ഡിസംബർ 6-നാണ് മാവെനിൽ നിന്നുള്ള സന്ദേശങ്ങൾ പെട്ടെന്ന് നിലച്ചത്. ചൊവ്വയുടെ പിന്നിലേക്ക് മറയുന്നതുവരെ പേടകം കൃത്യമായി പ്രവർത്തിച്ചിരുന്നു. എന്നാൽ തിരികെ പുറത്തുവന്നപ്പോൾ ഭൂമിയിലെ കൺട്രോൾ റൂമിലേക്ക് സിഗ്നലുകൾ ഒന്നും തന്നെ ലഭിച്ചില്ല. തുടർന്ന് നടത്തിയ പരിശോധനയിൽ പേടകത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും അത് വേഗത്തിൽ കറങ്ങാൻ തുടങ്ങുകയും ചെയ്തതായി കണ്ടെത്തി. ഈ അനിയന്ത്രിതമായ കറക്കം കാരണം പേടകത്തിന്റെ ബാറ്ററികൾ പൂർണ്ണമായും തീരുകയും ആശയവിനിമയ സംവിധാനം തകരുകയുമായിരുന്നു എന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം.

ചൊവ്വയിൽ പണ്ട് ഉണ്ടായിരുന്ന കട്ടിയുള്ള അന്തരീക്ഷവും വെള്ളവും എങ്ങനെയാണ് നഷ്ടപ്പെട്ടത് എന്ന് കണ്ടെത്തിയത് മാവെൻ ആണ്. സൂര്യനിൽ നിന്നുണ്ടാകുന്ന ശക്തമായ സൗരക്കാറ്റുകളാണ് ചൊവ്വയുടെ അന്തരീക്ഷത്തെ നശിപ്പിച്ചതെന്ന് ഈ പേടകം തെളിയിച്ചു. ഭാവിയിൽ മനുഷ്യനെ ചൊവ്വയിലേക്ക് അയക്കുമ്പോൾ റേഡിയേഷനുകളിൽ നിന്ന് എങ്ങനെ രക്ഷപ്പെടണം എന്ന് പഠിക്കാൻ ശാസ്ത്രജ്ഞരെ സഹായിച്ചത് മാവെൻ നൽകിയ വിവരങ്ങളാണ്. ചൊവ്വയുടെ ഉപരിതലത്തിലുള്ള റോവറുകളിൽ നിന്നുള്ള വിവരങ്ങൾ ഭൂമിയിലേക്ക് എത്തിക്കുന്ന പ്രധാന 'റിലേ' സംവിധാനമായും മാവെൻ പ്രവർത്തിച്ചിരുന്നു. പേടകം നിശബ്ദമായെങ്കിലും അത് ഇതുവരെ അയച്ചുതന്ന ലക്ഷക്കണക്കിന് വിവരങ്ങൾ ഭാവിയിലെ ചൊവ്വാ പഠനങ്ങൾക്ക് വലിയ കരുത്താകുമെന്ന് നാസ വ്യക്തമാക്കി.