പെർസീഡ്സ് ഉൽക്കാവർഷം കാണാൻ അവസരമൊരുക്കി മെലീഹ നാഷണൽ പാർക്ക്

  1. Home
  2. Tech

പെർസീഡ്സ് ഉൽക്കാവർഷം കാണാൻ അവസരമൊരുക്കി മെലീഹ നാഷണൽ പാർക്ക്

meteor shower


വർഷം തോറും ആകാശവിസ്മയം തീർക്കുന്ന പെർസീഡ്സ് ഉൽക്കമഴ (Perseids meteor shower) കാണാൻ വാനനിരീക്ഷകരെയും സഞ്ചാരികളെയും ക്ഷണിച്ച് ഷാർജ മെലീഹ നാഷണൽ പാർക്ക്. ആഗസ്റ്റ് 13-ന് വൈകുന്നേരം 6:30 മുതൽ രാത്രി 1:00 വരെ മെലീഹ മരുഭൂമിയിലെ പ്രത്യേകം തയ്യാറാക്കിയ ക്യാമ്പ് സൈറ്റിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ആഗസ്റ്റ് 13-ഓടെ ഈ വർഷത്തെ ഉൽക്കാവർഷം ഏറ്റവും ശക്തമായി ദൃശ്യമാകുമെന്നാണ് കണക്കാക്കുന്നത്. ഉച്ചസ്ഥായിയിൽ മണിക്കൂറിൽ 100 ഉൽക്കകൾ വരെ ആകാശത്ത് പ്രത്യക്ഷപ്പെട്ടേക്കാം. പ്രകാശമലിനീകരണം കുറഞ്ഞ മെലീഹ നാഷണൽ പാർക്ക് യു.എ.ഇയിലെ മികച്ച വാനനിരീക്ഷണ കേന്ദ്രങ്ങളിൽ ഒന്നാണ്. യുനെസ്കോയുടെ ലോകപൈതൃക പട്ടികയിലുള്ള ഫായ പാലിയോലാൻഡ്സ്കേപിന്റെ ഭാഗമാണിത്.

സ്വിഫ്റ്റ്-ടട്ടിൽ വാൽനക്ഷത്രത്തിന്റെ അവശിഷ്ടങ്ങൾക്കിടയിലൂടെ ഭൂമി കടന്നുപോകുമ്പോഴാണ് ഈ പ്രതിഭാസം ഉണ്ടാകുന്നത്. അത്യാധുനിക ടെലിസ്കോപ്പുകളിലൂടെയുള്ള വാനനിരീക്ഷണം, വിദഗ്ധരുടെ പ്രസന്റേഷൻ, ക്വിസ് മത്സരങ്ങൾ, ആസ്ട്രോ ഫോട്ടോഗ്രഫി പരിശീലനം തുടങ്ങിയവയും പരിപാടിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ബുക്കിങ്ങിനായി 068 021 111 എന്ന ഫോൺ നമ്പറിലോ mleihamanagement@discovermleiha.ae എന്ന ഈമെയിലിലോ ബന്ധപ്പെടാം.