വിവാദ നിയമനിർമ്മാണത്തിന് പിന്നാലെ കടുത്ത നീക്കവുമായി മെറ്റ; കാനഡയിൽ നിന്ന് വാട്സ്ആപ്പ് ഉൾപ്പെടെയുള്ള സേവനങ്ങൾ പിൻവലിച്ചേക്കും
വിവാദമായ പുതിയ നിയമനിർമ്മാണത്തിന്റെ പശ്ചാത്തലത്തിൽ കാനഡയിൽ നിന്ന് വാട്സ്ആപ്പ് അടക്കമുള്ള തങ്ങളുടെ സേവനങ്ങൾ പിൻവലിക്കുന്ന കാര്യം ഗൗരവമായി പരിഗണിക്കേണ്ടി വരുമെന്ന് പ്രമുഖ ടെക് കമ്പനിയായ മെറ്റ മുന്നറിയിപ്പ് നൽകി. അന്വേഷണ ആവശ്യങ്ങൾക്കായി ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ കൈമാറാൻ സൗകര്യമൊരുക്കണമെന്ന കനേഡിയൻ സർക്കാരിന്റെ നിർദ്ദേശങ്ങൾ, സന്ദേശങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്ന എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ സംവിധാനത്തെ ദുർബലപ്പെടുത്തുന്നതും സാങ്കേതിക യാഥാർത്ഥ്യങ്ങളെ അവഗണിക്കുന്നതുമാണെന്ന് കമ്പനി വ്യക്തമാക്കി.
കഴിഞ്ഞ ജൂണിൽ കനേഡിയൻ ഹൗസ് ഓഫ് കോമൺസ് പാസാക്കിയ 'ബിൽ സി-22' പ്രകാരം, അന്വേഷണ ഏജൻസികൾ ആവശ്യപ്പെടുമ്പോൾ ഉപയോക്താക്കളുടെ ഡാറ്റ ലഭ്യമാക്കാൻ ഇലക്ട്രോണിക് സർവീസ് പ്രൊവൈഡർമാർ തങ്ങളുടെ സാങ്കേതിക സംവിധാനങ്ങളിൽ മാറ്റം വരുത്തേണ്ടതുണ്ട്. സന്ദേശം അയക്കുന്ന ആൾക്കും സ്വീകരിക്കുന്ന ആൾക്കും മാത്രം വായിക്കാൻ സാധിക്കുന്ന എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ സുരക്ഷയെ ഈ നിയമം നേരിട്ട് തകർക്കുമെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു.
വാട്സ്ആപ്പ്, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ പ്ലാറ്റ്ഫോമുകളെല്ലാം ഈ ഉയർന്ന സുരക്ഷാ മാനദണ്ഡമാണ് ഉപയോഗിക്കുന്നത്. കനേഡിയൻ ഉപയോക്താക്കൾക്ക് സുരക്ഷിതമായ എൻക്രിപ്റ്റ് ചെയ്ത സേവനങ്ങൾ നൽകുന്നതിനൊപ്പം ഈ നിയമം പാലിക്കുക എന്നത് സാങ്കേതികമായി പ്രായോഗികമല്ലെന്ന് മെറ്റയുടെ പ്രൈവസി ആൻഡ് പബ്ലിക് പോളിസി ഡയറക്ടർ റോബിൻ ഗ്രീൻ സെനറ്റർമാർക്ക് മുന്നിൽ സാക്ഷ്യപ്പെടുത്തി.
