ജീവനക്കാരുടെ ഓരോ ചലനവും നിരീക്ഷിക്കാൻ മെറ്റ; എഐ നിരീക്ഷണത്തിനായി ‘ടോക്കൺ’ സംവിധാനം
തൊഴിലിടങ്ങളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) നടപ്പിലാക്കുന്നതിന്റെ ഭാഗമായി ജീവനക്കാരെ കർശനമായി നിരീക്ഷിക്കാനൊരുങ്ങി മെറ്റ. ആയിരക്കണക്കിന് പേരെ പിരിച്ചുവിടുമെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് ജീവനക്കാരുടെ കമ്പ്യൂട്ടറിലെ ഓരോ പ്രവർത്തനവും നിരീക്ഷിക്കുമെന്ന് കമ്പനി അറിയിച്ചത്. ജീവനക്കാർ എന്ത് ടൈപ്പ് ചെയ്യുന്നു, എവിടെ ക്ലിക്ക് ചെയ്യുന്നു, എന്തൊക്കെ ഫയലുകൾ കാണുന്നു തുടങ്ങിയ കാര്യങ്ങളെല്ലാം കമ്പനിയുടെ നിരീക്ഷണത്തിലായിരിക്കും. ഇതിനായി 'ടോക്കൺ' എന്ന പ്രത്യേക യൂണിറ്റ് സംവിധാനമാണ് മെറ്റ ഒരുക്കിയിരിക്കുന്നത്. എഐ ഉപയോഗത്തിന്റെ അളവ് കണക്കാക്കാനാണ് ടോക്കണുകൾ ഉപയോഗിക്കുന്നത്; ഒരു വാക്കിലെ ഏകദേശം നാല് അക്ഷരങ്ങൾക്ക് തുല്യമാണ് ഒരു ടോക്കൺ.
കമ്പനിയുടെ എഐ മോഡലുകളെ പരിശീലിപ്പിക്കാനാണ് ഈ നിരീക്ഷണമെന്നാണ് മെറ്റ വക്താവ് ട്രേസി ക്ലേട്ടൺ നൽകുന്ന വിശദീകരണം. എന്നാൽ, കോർപ്പറേറ്റ് ലാപ്ടോപ്പുകൾ ഒഴിവാക്കി ജോലി ചെയ്യാൻ അനുവദിക്കില്ലെന്ന ചീഫ് ടെക്‌നോളജി ഓഫീസർ ആൻഡ്രൂ ബോസ്‌വേർത്തിന്റെ പ്രഖ്യാപനം കൂടി വന്നതോടെ ജീവനക്കാർ കടുത്ത ആശങ്കയിലാണ്. സ്വകാര്യതയുടെ ലംഘനമാണ് ഇതെന്ന് ആരോപിച്ച് സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. പുതിയ മാറ്റങ്ങൾ തങ്ങളെ അങ്ങേയറ്റം അസ്വസ്ഥരാക്കുന്നുവെന്ന് മെറ്റയിലെ ഉയർന്ന ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ പ്രതികരിച്ചു.
എഐ സാങ്കേതികവിദ്യ പൂർണ്ണമായും നടപ്പിലാക്കുന്നതിനായി സിഇഒ മാർക്ക് സക്കർബർഗ് കോടിക്കണക്കിന് ഡോളറാണ് നിക്ഷേപിക്കുന്നത്. ഇതിന്റെ ഭാഗമായി നിലവിലുള്ള 78,000 ജീവനക്കാരോടും എഐ ടൂളുകൾ ഉപയോഗിക്കാൻ കമ്പനി ആവശ്യപ്പെട്ടിട്ടുണ്ട്. മെയ് 20-ഓടെ ഏകദേശം 10 ശതമാനം ജീവനക്കാരെ പിരിച്ചുവിടുമെന്നാണ് സൂചന. പിരിച്ചുവിടൽ ഭീഷണിയും കർശനമായ നിരീക്ഷണവും കാരണം പല ജീവനക്കാരും മെറ്റ വിട്ട് പുതിയ തൊഴിലവസരങ്ങൾ തേടിത്തുടങ്ങിയിരിക്കുകയാണ്. ഒരു ദീർഘകാല കരിയർ കെട്ടിപ്പടുക്കാൻ അനുയോജ്യമായ ഇടമല്ല മെറ്റ എന്ന നിലപാടിലാണ് ഭൂരിഭാഗം ജീവനക്കാരും.
