വാട്‌സാപ്പിലും ഇൻസ്റ്റഗ്രാമിലും ബിസിനസ്സ് ചെയ്യാൻ ഇനി മെറ്റായുടെ എഐ 'ബിസിനസ് ഏജന്റ്'

  1. Home
  2. Tech

വാട്‌സാപ്പിലും ഇൻസ്റ്റഗ്രാമിലും ബിസിനസ്സ് ചെയ്യാൻ ഇനി മെറ്റായുടെ എഐ 'ബിസിനസ് ഏജന്റ്'

Meta


ചെറുകിട-വൻകിട കച്ചവടക്കാർക്ക് വലിയ സഹായവുമായി 'ബിസിനസ് ഏജന്റ്' എന്ന പുതിയ എഐ സംവിധാനം മെറ്റാ അവതരിപ്പിച്ചു. ലണ്ടനിൽ നടന്ന 'Conversations 2026' പരിപാടിയിലാണ് ഈ പ്രഖ്യാപനമുണ്ടായത്. വാട്‌സാപ്, മെസഞ്ചർ, ഇൻസ്റ്റഗ്രാം എന്നിവ വഴി ബിസിനസ് ചെയ്യുന്നവർക്ക് കസ്റ്റമർ കെയർ ജോലികൾ എളുപ്പമാക്കാനും വിൽപന കൂട്ടാനും ഈ പുതിയ ടൂൾ സഹായിക്കും. നിലവിൽ പത്ത് ലക്ഷത്തിലധികം ബിസിനസുകൾ ഈ എഐ സംവിധാനം ഉപയോഗിക്കുന്നുണ്ടെന്നും ഇത് ഇനി എല്ലാവർക്കുമായി ലഭ്യമാക്കുമെന്നും മെറ്റാ അറിയിച്ചു.

ഉപഭോക്താക്കളുടെ പ്രാദേശിക ഭാഷകളിൽ മറുപടി നൽകാൻ കഴിയുമെന്നതാണ് ഈ എഐ അസിസ്റ്റന്റിന്റെ പ്രധാന പ്രത്യേകത. കുറഞ്ഞ സമയത്തിനുള്ളിൽ ഇത് ഫോണിൽ സെറ്റ് ചെയ്യാം. ബിസിനസിന്റെ സ്വഭാവത്തിനനുസരിച്ചുള്ള സംസാരശൈലി ഉടമകൾക്ക് തന്നെ തീരുമാനിക്കാനാകും. കൂടുതൽ ജീവനക്കാരില്ലാതെ തന്നെ ഉപഭോക്താക്കളുടെ ചോദ്യങ്ങൾക്ക് 24 മണിക്കൂറും മറുപടി നൽകാൻ ഇതിലൂടെ സാധിക്കും. ഉൽപന്നങ്ങൾ പരിചയപ്പെടുത്തുക, അപ്പോയിന്റ്മെന്റുകൾ ബുക്ക് ചെയ്യുക എന്നിവയ്ക്ക് പുറമെ, കൂടുതൽ സങ്കീർണ്ണമായ കാര്യങ്ങൾ വരുമ്പോൾ ചാറ്റുകൾ മനുഷ്യരായ ജീവനക്കാർക്ക് കൈമാറാനും ഈ എഐ ഏജന്റിന് സാധിക്കും. വാട്‌സാപ്, മെസഞ്ചർ, ഇൻസ്റ്റഗ്രാം എന്നിവയിലെ കസ്റ്റമർ ചാറ്റുകൾ ഇനി ഒരൊറ്റ എഐ പ്ലാറ്റ്‌ഫോമിലൂടെ നിയന്ത്രിക്കാം. തുടക്കത്തിൽ ഈ സേവനം സൗജന്യമായിരിക്കുമെങ്കിലും പിന്നീട് പെയ്ഡ് സബ്‌സ്‌ക്രിപ്ഷൻ രീതിയിലേക്ക് മാറും. ഇതോടൊപ്പം ഇത്തരം എഐ ബിസിനസുകൾ വാട്‌സാപ്പിൽ പേര് അടിച്ച് എളുപ്പത്തിൽ തിരഞ്ഞു കണ്ടെത്താനും അവയുടെ വിവരങ്ങൾ മറ്റുള്ളവർക്ക് പങ്കുവെക്കാനുമുള്ള ഫീച്ചറും മെറ്റാ ഒരുക്കിയിട്ടുണ്ട്.

കച്ചവടക്കാർക്ക് ഉപഭോക്താക്കളുടെ താൽപര്യങ്ങൾ മനസ്സിലാക്കാനും, മറുപടി വിട്ടുപോയ ചാറ്റുകൾ അറിയാനും ദിവസേനയുള്ള ഒരു എഐ സംഗ്രഹം (AI Summary) ഈ ടൂൾ നൽകും. ഭാവിയിൽ മാർക്കറ്റ് റിസർച്ച്, കലണ്ടർ മാനേജ്‌മെന്റ് തുടങ്ങിയ സേവനങ്ങളും ഇതിൽ വരും. വലിയ കമ്പനികൾക്കായി ഷോപ്പിഫൈ, സെൻഡെസ്ക് തുടങ്ങിയ ടൂളുകളുമായി ബന്ധിപ്പിക്കാൻ സാധിക്കുന്ന പ്രത്യേക പ്ലാറ്റ്‌ഫോമും മെറ്റാ ഒരുക്കിയിട്ടുണ്ട്. ഇൻസ്റ്റഗ്രാമും വാട്‌സാപ്പും വഴി കച്ചവടം നടത്തുന്ന കേരളത്തിലെയും ഗൾഫിലെയും മലയാളി ഓൺലൈൻ സംരംഭകർക്ക് ഏറെ പ്രയോജനപ്പെടുന്നതാണ് മെറ്റായുടെ ഈ പുതിയ മാറ്റം.