മൈക്രോ പ്ലാസ്റ്റിക്കുകൾ അന്തരീക്ഷത്തിലെ ചൂട് കൂട്ടുന്നു; കാലാവസ്ഥാ വ്യതിയാനത്തിൽ നിർണ്ണായക പങ്കെന്ന് കണ്ടെത്തൽ
അന്തരീക്ഷത്തിൽ കലർന്നിരിക്കുന്ന മൈക്രോപ്ലാസ്റ്റിക്കുകൾ ഭൂമിയിലെ താപനില വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നുവെന്ന് പുതിയ ഗവേഷണ റിപ്പോർട്ട്. കാറ്റിലൂടെ അന്തരീക്ഷത്തിലാകെ വ്യാപിക്കുന്ന അതിസൂക്ഷ്മമായ പ്ലാസ്റ്റിക് കണികകൾ സൂര്യപ്രകാശം ആഗിരണം ചെയ്യുകയും ചൂട് നിലനിർത്തുകയും ചെയ്യുന്നുണ്ടെന്ന് ചൈനയിലെയും യു.എസിലെയും ശാസ്ത്രജ്ഞർ സംയുക്തമായി നടത്തിയ പഠനത്തിൽ കണ്ടെത്തി. ഇത് ആഗോളതാപനത്തിന്റെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും പ്രത്യാഘാതങ്ങൾ വർദ്ധിപ്പിക്കുന്നുവെന്നാണ് 'നേച്ചർ ക്ലൈമറ്റ് ചേഞ്ച്' ജേണലിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് വ്യക്തമാക്കുന്നത്.
കാർബൺ ഡൈ ഓക്സൈഡിന് ശേഷം ആഗോളതാപനത്തെ ബാധിക്കുന്ന ഏറ്റവും വലിയ രണ്ടാമത്തെ ഘടകമായി അന്തരീക്ഷത്തിലെ പ്ലാസ്റ്റിക് മലിനീകരണം മാറിക്കൊണ്ടിരിക്കുകയാണെന്ന് ഷാങ്ഹായിലെ ഫുഡാൻ സർവകലാശാലയിലെ ശാസ്ത്രജ്ഞനായ ഹോങ്‌ബോ ഫു പറഞ്ഞു. പ്ലാസ്റ്റിക് മാലിന്യങ്ങൾ സൂര്യപ്രകാശമേറ്റ് നാനോപ്ലാസ്റ്റിക്, മൈക്രോപ്ലാസ്റ്റിക് കണികകളായി വിഘടിക്കുകയും കാറ്റിലൂടെ വായുപ്രവാഹങ്ങളിൽ എത്തിച്ചേരുകയുമാണ് ചെയ്യുന്നത്.
വെളുത്ത നിറത്തിലുള്ള പ്ലാസ്റ്റിക്കുകൾ പ്രകാശത്തെ പ്രതിഫലിപ്പിക്കുമെങ്കിലും, കറുപ്പ് ഉൾപ്പെടെയുള്ള ഇരുണ്ട നിറങ്ങളിലുള്ള കണികകൾ വലിയ തോതിൽ ചൂട് ആഗിരണം ചെയ്യുന്നതായും ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. വായുവിലൂടെയുള്ള പ്ലാസ്റ്റിക് മലിനീകരണം സമുദ്രങ്ങളിലെ പ്ലാസ്റ്റിക് പ്രശ്നം പോലെ തന്നെ അതീവ ഗൗരവകരമാണെന്ന് ഈ പഠനം ഓർമ്മിപ്പിക്കുന്നു.
