ആഗോളതലത്തിൽ മൈക്രോസോഫ്റ്റ് സേവനങ്ങൾ തടസ്സപ്പെട്ടു; ഔട്ട്ലുക്കും മൈക്രോസോഫ്റ്റ് 365-ഉം പണിമുടക്കി
ആഗോളതലത്തിൽ മൈക്രോസോഫ്റ്റിന്റെ വിവിധ ഓൺലൈൻ സേവനങ്ങൾ മണിക്കൂറുകളോളം തടസ്സപ്പെട്ടത് ലക്ഷക്കണക്കിന് ഉപയോക്താക്കളെ വലച്ചു. വെള്ളിയാഴ്ച അഞ്ച് മണിക്കൂറിലധികമാണ് മൈക്രോസോഫ്റ്റ് 365, ഔട്ട്ലുക്ക്, ടീംസ്, എഐ അസിസ്റ്റന്റായ കോപൈലറ്റ് എന്നിവയുടെ പ്രവർത്തനം തകരാറിലായത്. ഓപ്പൺഎഐ, ആന്ത്രോപിക് എന്നിവയുടെ എഐ സേവനങ്ങൾ ഉപയോഗിക്കുന്ന കണക്ടറുകളെയും ഈ സാങ്കേതിക തകരാർ ബാധിച്ചു.
വെള്ളിയാഴ്ച പുലർച്ചെ 1.30-ഓടെയാണ് ഡൗൺഡിറ്റക്ടറിൽ ഔട്ട്ലുക്ക് തടസ്സങ്ങൾ വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. തുടക്കത്തിൽ 1.38 ലക്ഷത്തിലധികം പരാതികൾ ലഭിച്ചെങ്കിലും പുലർച്ചെ 4.30-ഓടെ ഇത് 34,490 ആയി കുറഞ്ഞു. അമേരിക്കയിലെ വിവിധ കണക്ഷൻ മാർഗങ്ങളിലൂടെ എക്സ്ചേഞ്ച് ഓൺലൈൻ മെയിൽബോക്സുകൾ ഉപയോഗിക്കുന്നതിൽ ഉപയോക്താക്കൾക്ക് തടസ്സം നേരിട്ടതായി മൈക്രോസോഫ്റ്റ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.
ഓട്ടോമേറ്റഡ് ഹെൽത്ത് ചെക്കുകളിൽ പരാജയപ്പെട്ടതിനെ തുടർന്ന് നിരവധി സെർവറുകൾ അപ്രതീക്ഷിതമായി പ്രവർത്തനരഹിതമായതാണ് പ്രതിസന്ധിക്ക് കാരണമായതെന്ന് മൈക്രോസോഫ്റ്റ് പിന്നീട് വ്യക്തമാക്കി. ഇതുമൂലം മറ്റ് സെർവറുകളിൽ അമിതഭാരം അനുഭവപ്പെട്ടതാണ് കണക്റ്റിവിറ്റി തടസ്സങ്ങളിലേക്ക് നയിച്ചത്. തകരാറിലായ സെർവറുകൾ പുനഃസ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും സേവനങ്ങൾ ക്രമേണ പൂർവസ്ഥിതിയിലാകുമെന്നും 'മൈക്രോസോഫ്റ്റ് 365 സ്റ്റാറ്റസ്' എക്സ് അക്കൗണ്ടിലൂടെ അറിയിച്ചു.
