ചെലവ് കുറയ്ക്കാൻ മൈക്രോസോഫ്റ്റ്; കൂട്ട വി.ആർ.എസ് പ്രഖ്യാപിച്ചു, ഇന്ത്യയിലെ ജീവനക്കാർക്കും ബാധകം

  1. Home
  2. Tech

ചെലവ് കുറയ്ക്കാൻ മൈക്രോസോഫ്റ്റ്; കൂട്ട വി.ആർ.എസ് പ്രഖ്യാപിച്ചു, ഇന്ത്യയിലെ ജീവനക്കാർക്കും ബാധകം

microsoft


നിർമ്മിത ബുദ്ധി (AI) കമ്പ്യൂട്ടിംഗിലും ഡാറ്റാ സെന്ററുകളിലും വൻതോതിലുള്ള നിക്ഷേപങ്ങൾ തുടരുന്നതിനിടെ പ്രവർത്തനച്ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി ജീവനക്കാർക്ക് സ്വയം വിരമിക്കൽ (VRS) പദ്ധതി പ്രഖ്യാപിച്ച് മൈക്രോസോഫ്റ്റ്. ഇന്ത്യ, യു.എസ്, കാനഡ, യു.കെ എന്നിവിടങ്ങളിലെ നിശ്ചിത വിഭാഗം ജീവനക്കാർക്കാണ് പുതിയ വൊളന്ററി എക്‌സിറ്റ് ഓഫർ കമ്പനി നൽകിയിരിക്കുന്നത്. മൈക്രോസോഫ്റ്റിന്റെ ആകെയുള്ള ജീവനക്കാരുടെ 27 ശതമാനത്തോളം വരുന്ന (ഏകദേശം 60,000 ജീവനക്കാർ) ആളുകളെ ഈ പരിഷ്കാരം ബാധിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.

ഓപ്പൺ എ.ഐ (OpenAI), ആന്ത്രോപിക് (Anthropic) തുടങ്ങിയ കമ്പനികൾക്ക് മികച്ച ക്ലൗഡ് സേവനങ്ങൾ നൽകുന്നതിനും ഡാറ്റാ സെന്ററുകൾ വിപുലീകരിക്കുന്നതിനുമായി സെപ്റ്റംബറിലവസാനിക്കുന്ന പാദത്തിൽ കമ്പനിയുടെ മൂലധനച്ചെലവ് 50 ബില്യൺ ഡോളർ കവിയുമെന്നാണ് കണക്കാക്കുന്നത്.

മുൻപ് ജൂലൈ മാസത്തിൽ സീനിയർ ഡയറക്ടർ തലം വരെയുള്ള ജീവനക്കാർക്ക് നൽകിയ വി.ആർ.എസ് പദ്ധതിയിൽ 30 ശതമാനത്തോളം പേർ പങ്കാളികളായിരുന്നു. എന്നാൽ പുതിയ പദ്ധതി വൈസ് പ്രസിഡന്റ് തലം വരെയുള്ള ഉയർന്ന ഉദ്യോഗസ്ഥർക്കും ബാധകമാക്കിയിട്ടുണ്ട്. ഓഫർ സ്വീകരിക്കുന്ന ജീവനക്കാർക്ക് ഡിസംബർ ആദ്യവാരത്തോടെ അന്തിമ തീരുമാനമെടുക്കാനും ഡിസംബർ 31 വരെ കമ്പനിയിൽ തുടർന്ന് ജോലി ചെയ്യാനും സാധിക്കും.