മൊബൈൽ വേൾഡ് കോൺഗ്രസ് നാളെ മുതൽ ഖത്തറിൽ
ഡിജിറ്റൽ രംഗത്തെ സുപ്രധാന മുന്നേറ്റത്തിന് തുടക്കം കുറിച്ചുകൊണ്ട് മൊബൈൽ വേൾഡ് കോൺഗ്രസ് (MWC Doha) നാളെ മുതൽ ഖത്തറിൽ ആരംഭിക്കും. നവംബർ 8 മുതൽ 10 വരെ ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ 'ദി ഐ.ക്യു ഇറ' (The IQ Era) എന്ന പ്രമേയത്തിൽ നടക്കുന്ന സമ്മേളനത്തിനുള്ള മുഴുവൻ ഒരുക്കങ്ങളും പൂർത്തിയായതായി കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം അറിയിച്ചു. ജി.എസ്.എം.എ (GSMA) അസോസിയേഷനുമായി സഹകരിച്ചാണ് മൂന്നു ദിവസത്തെ അന്താരാഷ്ട്ര പ്രദർശനം സംഘടിപ്പിക്കുന്നത്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡിജിറ്റൽ ഗവേണൻസ് തുടങ്ങിയ മേഖലകളിൽ ഖത്തർ കൈവരിച്ച മുന്നേറ്റങ്ങൾ ആഗോളതലത്തിൽ പ്രദർശിപ്പിക്കാൻ ഇതിലൂടെ സാധിക്കും. കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം ഒരുക്കുന്ന പ്രത്യേക പവലിയനിൽ 15-ലധികം സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളെ അണിനിരത്തി രാജ്യത്തെ പ്രധാന ഡിജിറ്റൽ സേവനങ്ങളും എ.ഐ പദ്ധതികളും പരിചയപ്പെടുത്തും. ഖത്തർ നാഷണൽ വിഷൻ 2030-ന്റെ ഭാഗമായി രാജ്യം കൈവരിച്ച സാങ്കേതിക നേട്ടങ്ങളുടെ നേർക്കാഴ്ച കൂടിയാകും ഇത്.
വിവിധ രാജ്യങ്ങളിലെ മന്ത്രിമാർ, ടെലികോം റെഗുലേറ്റർമാർ, സാങ്കേതിക രംഗത്തെ പ്രമുഖർ എന്നിവർ പങ്കെടുക്കുന്ന ഉന്നതതല യോഗങ്ങൾക്കും പുതിയ നയരൂപീകരണങ്ങൾക്കും നിക്ഷേപ അവസരങ്ങൾക്കും ഉച്ചകോടി വഴിയൊരുക്കും. 'ഖത്തർ ഡിജിറ്റൽ അജണ്ട 2030' ന്റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്താനും തന്ത്രപ്രധാനമായ പുതിയ കരാറുകൾ ഒപ്പുവെക്കാനും സമ്മേളനം സഹായിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
