ഇറാനെതിരെയുള്ള വ്യോമാക്രമണങ്ങൾക്ക് പിന്നിൽ മസ്കിന്റെ ‘ഗ്രോക്ക്’ എ.ഐ; പെന്റഗൺ വെളിപ്പെടുത്തൽ

  1. Home
  2. Tech

ഇറാനെതിരെയുള്ള വ്യോമാക്രമണങ്ങൾക്ക് പിന്നിൽ മസ്കിന്റെ ‘ഗ്രോക്ക്’ എ.ഐ; പെന്റഗൺ വെളിപ്പെടുത്തൽ

grok


യു.എസ് സേനയുടെ രഹസ്യ സൈനിക നീക്കങ്ങൾക്കായി ഇലോൺ മസ്കിന്റെ എ.ഐ ചാറ്റ്‌ബോട്ടായ 'ഗ്രോക്ക്' (Grok) ഉപയോഗിച്ചതായി അമേരിക്കൻ പ്രതിരോധ വകുപ്പ് വെളിപ്പെടുത്തി. മസ്കിന്റെ എ.ഐ കമ്പനിയായ 'എക്സ്.എഐ' യുമായി ബന്ധപ്പെട്ട കോടതി കേസിലാണ് യു.എസ് നീതിന്യായ വകുപ്പ് ഈ നിർണായക വിവരങ്ങൾ പുറത്തുവിട്ടത്. സൈനിക ആവശ്യങ്ങൾക്കായി എ.ഐ സംവിധാനങ്ങൾ അത്യാവശ്യമായതിനാൽ ഈ ഡാറ്റാ സെന്ററുകൾ ദേശീയ സുരക്ഷയുടെ ഭാഗമാണെന്നാണ് ട്രംപ് ഭരണകൂടം കോടതിയിൽ വ്യക്തമാക്കിയത്.

ദേശീയ സുരക്ഷയെ പിന്തുണക്കാൻ ശേഷിയുള്ള ചുരുക്കം ചില എ.ഐ മോഡലുകളിൽ ഒന്നാണ് 'ഗ്രോക്ക്' എന്ന് പെന്റഗണിന്റെ ചീഫ് ഡിജിറ്റൽ ആൻഡ് എ.ഐ ഓഫീസർ കാമറൂൺ സ്റ്റാൻലി കോടതിയെ അറിയിച്ചു. യു.എസ് സൈന്യത്തിന്റെ ലക്ഷ്യനിർണ്ണയ പ്രോഗ്രാമായ 'പ്രൊജക്റ്റ് മാവൻ' പദ്ധതിയിലാണ് ഗ്രോക്കിന്റെ പ്രത്യേക ഗവൺമെന്റ് പതിപ്പ് ഉപയോഗിക്കുന്നത്. ‘ഓപ്പറേഷൻ എപിക് ഫ്യൂറി’ എന്ന സൈനിക നീക്കത്തിനിടയിൽ വെറും 96 മണിക്കൂറിനുള്ളിൽ രണ്ടായിരത്തിലധികം ലക്ഷ്യസ്ഥാനങ്ങളിലേക്ക് സ്ഫോടകവസ്തുക്കൾ വിന്യസിക്കാൻ ഈ സാങ്കേതികവിദ്യ സഹായിച്ചതായും പെന്റഗൺ സ്ഥിരീകരിച്ചു.

ആക്രമണങ്ങളിൽ സാധാരണക്കാർ കൊല്ലപ്പെടുന്ന പശ്ചാത്തലത്തിൽ യുദ്ധങ്ങളിലെ എ.ഐ ഉപയോഗം വലിയ തർക്കങ്ങൾക്ക് കാരണമാകുന്നുണ്ട്. തങ്ങളുടെ സാങ്കേതികവിദ്യ സൈനിക ആവശ്യങ്ങൾക്ക് നൽകില്ലെന്ന് വ്യക്തമാക്കിയ ആന്ത്രോപിക് കമ്പനിയുമായുള്ള കരാറുകൾ ഫെബ്രുവരിയിൽ സർക്കാർ റദ്ദാക്കിയിരുന്നു. ഇതിന് ശേഷമാണ് പെന്റഗൺ എക്സ്.എ.ഐ, ഗൂഗ്ൾ, ഓപ്പൺ എ.ഐ തുടങ്ങിയ കമ്പനികളെ സമീപിച്ചത്. എന്നാൽ സൈനിക നീക്കങ്ങൾക്കായി എ.ഐ വിട്ടുനൽകരുതെന്ന് ആവശ്യപ്പെട്ട് അറുന്നൂറിലധികം ഗൂഗ്ൾ ജീവനക്കാർ ഇപ്പോൾ രംഗത്തെത്തിയിട്ടുണ്ട്.