ബഹിരാകാശ സഞ്ചാരികളുമായി നാസ പേടകം കടലിൽ ഇറങ്ങി; മടക്കം മെഡിക്കൽ എമർജൻസിയെ തുടർന്ന്
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ISS) നിന്നുള്ള നാല് സഞ്ചാരികളുമായി നാസയുടെ സ്‌പേസ് എക്‌സ് ഡ്രാഗൺ എൻഡവർ പേടകം ഭൂമിയിൽ സുരക്ഷിതമായി ഇറങ്ങി. സംഘത്തിലെ ഒരാൾക്ക് ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെട്ടതിനെ തുടർന്ന് ചരിത്രത്തിലാദ്യമായി നടത്തിയ മെഡിക്കൽ ഇവാക്യൂവേഷൻ (Medical Evacuation) ദൗത്യം വിജയകരമായി പൂർത്തിയായി. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2.12-ഓടെ കാലിഫോർണിയ തീരത്ത് ശാന്തസമുദ്രത്തിലാണ് പേടകം ലാൻഡ് ചെയ്തത് (Splashdown).
യു.എസ് ബഹിരാകാശ സഞ്ചാരികളായ സെന കാർഡ്മാൻ, മൈക് ഫിൻകെ, ജപ്പാനിൽ നിന്നുള്ള കിമിയ യുവി, റഷ്യൻ സഞ്ചാരി ഒലെഗ് പ്ലാറ്റോനോവ് എന്നിവരാണ് പേടകത്തിലുണ്ടായിരുന്നത്. കഴിഞ്ഞ ഓഗസ്റ്റ് ഒന്നിന് ബഹിരാകാശ നിലയത്തിലെത്തിയ സംഘം യഥാർത്ഥത്തിൽ ഫെബ്രുവരിയിലാണ് മടങ്ങേണ്ടിയിരുന്നത്. എന്നാൽ, സംഘാംഗങ്ങളിൽ ഒരാൾക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായതോടെ ദൗത്യം പാതിവഴിയിൽ അവസാനിപ്പിച്ച് സംഘത്തെ അടിയന്തരമായി തിരികെ എത്തിക്കാൻ നാസ തീരുമാനിക്കുകയായിരുന്നു. ആർക്കാണ് രോഗം ബാധിച്ചതെന്ന വിവരം സ്വകാര്യത മാനിച്ച് നാസ വെളിപ്പെടുത്തിയിട്ടില്ല.
167 ദിവസത്തെ ബഹിരാകാശ ദൗത്യം പൂർത്തിയാക്കിയാണ് സംഘം മടങ്ങിയെത്തിയത്. ഇന്ന് പുലർച്ചെയായിരുന്നു ഡ്രാഗൺ പേടകത്തിന്റെ അൺഡോക്കിങ് പ്രക്രിയ നടന്നത്. നിലവിൽ സഞ്ചാരികളുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും നാസ അറിയിച്ചു. വിമാനത്തിന് സമാനമായി പസഫിക് സമുദ്രത്തിൽ പാരച്യൂട്ടുകളുടെ സഹായത്തോടെയാണ് പേടകം ഇറങ്ങിയത്. ബഹിരാകാശത്ത് ഒരാൾക്ക് രോഗം ബാധിച്ചതിനെ തുടർന്ന് ദൗത്യം റദ്ദാക്കി തിരികെ കൊണ്ടുവരുന്നത് ഇതാദ്യമായാണ്.
