ഡിജിറ്റൽ സബ്‌സ്‌ക്രിപ്ഷൻ കുരുക്കഴിക്കാൻ ന്യൂയോർക്ക്; എളുപ്പത്തിൽ റദ്ദാക്കാൻ 'ക്ലിക്ക്-ടു-കാൻസൽ' നിയമം വരുന്നു
വിവിധ ഡിജിറ്റൽ സേവനങ്ങളുടെ സബ്‌സ്‌ക്രിപ്ഷനുകൾ എളുപ്പത്തിൽ റദ്ദാക്കാൻ ഉപഭോക്താക്കളെ സഹായിക്കുന്ന പുതിയ ‘ക്ലിക്ക്-ടു-കാൻസൽ’ നിയമവുമായി ന്യൂയോർക്ക് സിറ്റി കൗൺസിൽ അംഗം സൊഹ്റാൻ മംദാനി. സബ്‌സ്‌ക്രിപ്ഷൻ എടുക്കുന്നത് എത്രത്തോളം എളുപ്പമാണോ, അത്രയും ലളിതമായി അത് റദ്ദാക്കാനും ഉപഭോക്താക്കൾക്ക് കഴിയണം എന്ന ലക്ഷ്യത്തോടെയുള്ള നിയമം ഒക്ടോബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. ഇതോടെ ഇത്തരമൊരു ഉപഭോക്തൃ സൗഹൃദ നിയമം നടപ്പിലാക്കുന്ന അമേരിക്കയിലെ ആദ്യത്തെ നഗരമായി ന്യൂയോർക്ക് മാറും.
സബ്‌സ്‌ക്രിപ്ഷൻ റദ്ദാക്കാനായി ഇനി രേഖാമൂലമുള്ള കത്തുകളോ, നേരിട്ടുള്ള സന്ദർശനങ്ങളോ, ഉപഭോക്താവിനെ ബുദ്ധിമുട്ടിക്കുന്ന മറ്റ് തടസ്സങ്ങളോ ആവശ്യമില്ലെന്നതാണ് ഈ നിയമത്തിന്റെ പ്രത്യേകത. നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം, ഡിസ്നി പ്ലസ് തുടങ്ങിയ ഒടിടി പ്ലാറ്റ്‌ഫോമുകൾ ഉൾപ്പെടെയുള്ള എല്ലാവിധ ഓട്ടോമാറ്റിക് റിന്യൂവൽ, തുടർച്ചയായ സേവന സബ്‌സ്‌ക്രിപ്‌ഷനുകൾ എന്നിവയ്ക്ക് പുതിയ നിയമം ബാധകമാണ്. നഗരത്തിലെ ഡിപ്പാർട്ട്മെന്റ് ഓഫ് കൺസ്യൂമർ ആൻഡ് വർക്കർ പ്രൊട്ടക്ഷൻ (DCWP) ആയിരിക്കും ഈ നിയമം നടപ്പിലാക്കുന്നത്. നിയമം ലംഘിക്കുന്ന കമ്പനികൾക്ക് കുറഞ്ഞത് 525 ഡോളർ പിഴയും, റദ്ദാക്കാൻ കഴിയാതെ ബുദ്ധിമുട്ടിയ ഉപഭോക്താക്കൾക്ക് നഷ്ടപരിഹാരവും നൽകേണ്ടി വരും.
ഈ നിയമം വരുന്നതോടെ ന്യൂയോർക്ക് നിവാസികൾക്ക് പ്രതിവർഷം 162.5 ദശലക്ഷം ഡോളർ വരെ ലാഭിക്കാൻ കഴിയുമെന്നാണ് റൂസ്‌വെൽറ്റ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ കണക്കുകൂട്ടൽ. ഫെഡറൽ ട്രേഡ് കമ്മീഷൻ (FTC) മുൻ ചെയർ ലിന ഖാന്റെ നേതൃത്വത്തിൽ ഫെഡറൽ തലത്തിൽ കൊണ്ടുവന്ന സമാനമായ നിയമം കോടതിയിൽ ചോദ്യം ചെയ്യപ്പെട്ട പശ്ചാത്തലത്തിലാണ് നഗരതലത്തിൽ ഇത് നടപ്പിലാക്കാൻ ന്യൂയോർക്ക് മുൻകൈയെടുക്കുന്നത്.
കൂടാതെ, ‘ജങ്ക് ഫീസ്’ എന്നറിയപ്പെടുന്ന മറഞ്ഞിരിക്കുന്ന അധികച്ചെലവുകൾക്കെതിരെയും നഗരം പുതിയ നിയമങ്ങൾ കൊണ്ടുവരുന്നുണ്ട്. ഇതനുസരിച്ച് ഉൽപ്പന്നങ്ങളുടെയോ സേവനങ്ങളുടെയോ യഥാർത്ഥ വില ഉപഭോക്താക്കളെ നേരത്തെ തന്നെ അറിയിക്കാൻ കമ്പനികൾ ബാധ്യസ്ഥരായിരിക്കും. ന്യൂയോർക്ക് നഗരം ഈ നിയമം വിജയകരമായി നടപ്പിലാക്കിയാൽ, അത് മറ്റ് അമേരിക്കൻ നഗരങ്ങൾക്കും സംസ്ഥാനങ്ങൾക്കും വലിയൊരു മാതൃകയായി മാറും.
