16 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ നിരോധിക്കാൻ ന്യൂസിലൻഡും; ബിൽ പാർലമെന്റിൽ അവതരിപ്പിച്ചു
കുട്ടികളിലെ സോഷ്യൽ മീഡിയ ഉപയോഗം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി 16 വയസ്സിൽ താഴെയുള്ളവർക്ക് നിയന്ത്രണമേർപ്പെടുത്തുന്ന 'ഓൺലൈൻ സേഫ്റ്റി ബിൽ' ന്യൂസിലൻഡ് ഗവൺമെന്റ് പാർലമെന്റിൽ അവതരിപ്പിച്ച് ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സൺ. ഓസ്‌ട്രേലിയക്ക് പിന്നാലെ ഇൻസ്റ്റാഗ്രാം, ടിക് ടോക്, ഫേസ്ബുക്ക്, സ്നാപ്ചാറ്റ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾക്ക് നിരോധനമേർപ്പെടുത്താനാണ് നീക്കം. വാട്‌സ്ആപ്പ്, റോബ്‌ലോക്സ് പോലുള്ള ഗെയിമിംഗ് പ്ലാറ്റ്‌ഫോമുകൾ, എ.ഐ ആപ്പുകൾ എന്നിവയെ ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ഡിജിറ്റൽ ഐ.ഡി, ഫേഷ്യൽ റെക്കഗ്നിഷൻ തുടങ്ങിയ സംവിധാനങ്ങളിലൂടെ പ്രായപരിധി ഉറപ്പാക്കാൻ കമ്പനികൾ ബാധ്യസ്ഥരാണ്. നിയമലംഘനം നടത്തുന്ന കമ്പനികൾക്ക് ആഗോള വരുമാനത്തിന്റെ 10 ശതമാനം വരെ പിഴ ചുമത്താൻ ബില്ലിൽ വ്യവസ്ഥയുണ്ട്. നിലവിൽ സഖ്യകക്ഷികളായ എ.സി.ടി, എൻ.സെഡ് ഫസ്റ്റ് പാർട്ടികളുടെ എതിർപ്പും പ്രതിപക്ഷത്തിന്റെ സാവകാശ നിലപാടും കാരണം ബിൽ നിയമമാകാൻ കൂടുതൽ ചർച്ചകൾ ആവശ്യമാണ്.
