മനുഷ്യനെന്ന് തെളിയിക്കാൻ ഇനി ‘കാപ്‌ച’ വേണ്ട; മൊബൈൽ ലിങ്ക് ചെയ്യാനുള്ള പുതിയ സംവിധാനവുമായി ഗൂഗിൾ
വെബ്സൈറ്റുകളിൽ പ്രവേശിക്കുമ്പോൾ നമ്മൾ മനുഷ്യനാണോ എന്ന് തെളിയിക്കാൻ നിലവിലുള്ള ‘കാപ്‌ച’ (CAPTCHA) പരിശോധനകൾ ഗൂഗിൾ ഒഴിവാക്കിയേക്കുമെന്ന് റിപ്പോർട്ട്. ട്രാഫിക് സിഗ്നലുകളും വാഹനങ്ങളും തിരിച്ചറിയാൻ ആവശ്യപ്പെടുന്ന, പലപ്പോഴും ഉപയോക്താക്കളുടെ ക്ഷമ പരീക്ഷിക്കുന്ന നിലവിലെ രീതിക്ക് പകരം മൊബൈൽ ഫോണുകൾ വെബ്സൈറ്റുകളുമായി ലിങ്ക് ചെയ്യുന്ന പുതിയ സംവിധാനമാണ് ഗൂഗിൾ ആലോചിക്കുന്നത്.
പുതിയ മാറ്റം അനുസരിച്ച്, വെബ്സൈറ്റുകളിൽ കയറാൻ ശ്രമിക്കുമ്പോൾ സ്ക്രീനിൽ ഒരു ക്യു.ആർ കോഡ് (QR Code) തെളിയും. ഇത് മൊബൈൽ ഫോൺ ഉപയോഗിച്ച് സ്കാൻ ചെയ്യുമ്പോൾ ഫോണിലെ ഗൂഗിൾ പ്ലേ സേവനങ്ങൾ വഴി വ്യക്തിയെ തിരിച്ചറിയുകയും സന്ദർശകൻ മനുഷ്യനാണെന്ന് വെബ്സൈറ്റിനെ ബോധ്യപ്പെടുത്തുകയും ചെയ്യും. ഈ പ്രക്രിയയിലൂടെ കാപ്‌ചയിലെ സങ്കീർണ്ണമായ പരീക്ഷകൾ ഒഴിവാക്കി സുഗമമായ ബ്രൗസിംഗ് അനുഭവം നൽകാനാണ് ഗൂഗിൾ ലക്ഷ്യമിടുന്നത്. എന്നാൽ ഇത് എന്ന് മുതൽ നിലവിൽ വരുമെന്നോ എങ്ങനെ പ്രവർത്തിക്കുമെന്നോ ഉള്ള കാര്യത്തിൽ ഗൂഗിൾ ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല.
അതേസമയം, പുതിയ നീക്കം ഉപയോക്താക്കളുടെ സ്വകാര്യതയെ ബാധിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്. ഫോൺ വെബ്സൈറ്റുമായി ലിങ്ക് ചെയ്യുന്നത് വിവരങ്ങൾ ചോരാൻ കാരണമാകുമോ എന്നാണ് സാങ്കേതിക വിദഗ്ധർ ചോദിക്കുന്നത്. നിലവിൽ ലോകമെമ്പാടുമുള്ള 53 ലക്ഷത്തിലധികം കമ്പനികൾ ഗൂഗിളിന്റെ റീ-കാപ്‌ച സംവിധാനം ഉപയോഗിക്കുന്നുണ്ട്. അതിനാൽ തന്നെ ഈ മാറ്റം ദശലക്ഷക്കണക്കിന് വെബ്സൈറ്റുകളെ ബാധിക്കുമെന്നും, ഫോൺ ബന്ധിപ്പിക്കാതെ സൈറ്റുകൾ ഉപയോഗിക്കാൻ കഴിയില്ലെന്ന സാഹചര്യം വരുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
