ഇനി വാട്സാപ്പ് കോളുകളിൽ തട്ടിപ്പ് നടക്കില്ല; അൺനോൺ നമ്പറുകളുടെ വിവരങ്ങൾ സ്ക്രീനിൽ തെളിയും, സുരക്ഷാ ഫീച്ചറുകളുമായി മെറ്റ
സൈബർ തട്ടിപ്പുകളും ഹാക്കിംഗും ചെറുക്കുന്നതിനായി വാട്സാപ്പ് പുതിയ സുരക്ഷാ ഫീച്ചറുകൾ അവതരിപ്പിച്ചു. ആൻഡ്രോയിഡ് ഉപയോക്താക്കൾക്കായി അവതരിപ്പിച്ചിരിക്കുന്ന 'കോൾ സ്ക്രീനിംഗ്' സംവിധാനമാണ് ഇതിൽ പ്രധാനം. കോൺടാക്റ്റ് ലിസ്റ്റിൽ ഇല്ലാത്ത അജ്ഞാത നമ്പറുകളിൽ നിന്ന് കോൾ വരുമ്പോൾ, വിളിക്കുന്ന രാജ്യം, അവർ നിങ്ങൾ ഉൾപ്പെടുന്ന ഏതെങ്കിലും വാട്സാപ്പ് ഗ്രൂപ്പുകളിൽ അംഗമാണോ തുടങ്ങിയ പ്രധാന വിവരങ്ങൾ സ്ക്രീനിൽ തെളിയും. ഇത് കോൾ അറ്റൻഡ് ചെയ്യണമോ എന്ന് തീരുമാനിക്കാൻ ഉപയോക്താക്കളെ സഹായിക്കും.
കോൾ സ്ക്രീനിംഗിന് പുറമേ അക്കൗണ്ട് സുരക്ഷ വർധിപ്പിക്കുന്നതിനായി അക്ഷരങ്ങളും ചിഹ്നങ്ങളും ഉൾപ്പെടുത്തിയുള്ള ശക്തമായ പാസ്‌വേഡുകൾ സജ്ജമാക്കാനും സാധിക്കും. മുൻപുണ്ടായിരുന്ന 6 അക്ക പിൻ സംവിധാരണത്തിന് പകരമാണിത്.
കൂടാതെ ഒരേ അക്കൗണ്ടിൽ ഒന്നിലധികം 'പാസ്‌കീകൾ' (Passkeys) ചേർക്കാനുള്ള സൗകര്യവും നൽകിയിട്ടുണ്ട്. ആൻഡ്രോയിഡ്, ഐഫോൺ ഉപകരണങ്ങൾ മാറി ഉപയോഗിക്കുന്നവർക്ക് പാസ്‌വേഡുകൾക്ക് പകരം ഫിംഗർപ്രിന്റ് അല്ലെങ്കിൽ ഫേസ് ഐഡി ഉപയോഗിച്ച് എളുപ്പത്തിൽ ലോഗിൻ ചെയ്യാൻ ഇത് അവസരമൊരുക്കും. ഫിഷിംഗ് ഉൾപ്പെടെയുള്ള സൈബർ ഭീഷണികളിൽ നിന്ന് ഉപയോക്താക്കളെ സംരക്ഷിക്കുന്നതിനാണ് മെറ്റ ഈ പുതിയ മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്.
