യു.പി.ഐ ഇടപാടുകൾക്ക് ഇനി ഇന്റർനെറ്റും സ്മാർട്ട്ഫോണും വേണ്ട; 'UPI 123Pay' സേവനവുമായി ഫോൺപേ

  1. Home
  2. Tech

യു.പി.ഐ ഇടപാടുകൾക്ക് ഇനി ഇന്റർനെറ്റും സ്മാർട്ട്ഫോണും വേണ്ട; 'UPI 123Pay' സേവനവുമായി ഫോൺപേ

phonepe


ഇന്റർനെറ്റും സ്മാർട്ട്ഫോണുമില്ലാതെ സാധാരണ കീപാഡ് ഫോണുകൾ വഴി യു.പി.ഐ (UPI) പണമിടപാടുകൾ നടത്താൻ കഴിയുന്ന പുതിയ സേവനവുമായി പ്രമുഖ ഡിജിറ്റൽ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമായ ഫോൺപേ. 'ഫോൺപേ യു.പി.ഐ 123പേ' (PhonePe UPI 123Pay) എന്ന് പേരിട്ടിരിക്കുന്ന ഈ സംവിധാനത്തിലൂടെ ഇന്റർനെറ്റ് കണക്ഷൻ ഇല്ലാതെ തന്നെ പണമിടപാടുകൾ നടത്താം. ഇതോടെ രാജ്യത്തെ 20 കോടിയിലധികം വരുന്ന ഫീച്ചർ ഫോൺ ഉപയോക്താക്കൾക്കായി ഈ സൗകര്യം എത്തിക്കുന്ന ആദ്യ പ്രമുഖ തേർഡ് പാർട്ടി ആപ്പായി ഫോൺപേ മാറി.

നോക്കിയ, എച്ച്.എം.ഡി, ലാവ, ഐടെൽ തുടങ്ങിയ ബ്രാൻഡുകളുടെ പുതിയ ഫീച്ചർ ഫോണുകളിൽ ഈ ആപ്പ് മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടാകും. 2ജി കണക്റ്റിവിറ്റി മാത്രമുള്ള ഗ്രാമീണ മേഖലകളിൽ പോലും തടസ്സമില്ലാതെ ഇടപാടുകൾ നടത്താൻ എസ്.എം.എസ് (SMS) അടിസ്ഥാനമാക്കിയുള്ള സാങ്കേതികവിദ്യയാണ് ഫോൺപേ ഉപയോഗിക്കുന്നത്.

മൊബൈൽ നമ്പർ, യു.പി.ഐ ഐഡി എന്നിവ വഴിയും ക്യാമറ സൗകര്യമുള്ള ഫീച്ചർ ഫോണുകളിൽ ക്യൂ.ആർ (QR) കോഡ് സ്കാൻ ചെയ്തും പണം അയക്കാനും സ്വീകരിക്കാനും സാധിക്കും. ബാങ്ക് അക്കൗണ്ട് ബാലൻസ് പരിശോധിക്കാനും ട്രാൻസാക്ഷൻ ഹിസ്റ്ററി കാണാനും ഇതിൽ സൗകര്യമുണ്ട്. കൂടാതെ, ഇംഗ്ലീഷ് ഉൾപ്പെടെ 12 ഇന്ത്യൻ ഭാഷകളിൽ സഹായം ലഭിക്കുന്ന എ.ഐ വോയ്സ് ഹെൽപ്പ്‌ലൈനും ഇതിലുണ്ട്. വരും ദിവസങ്ങളിൽ യുട്ടിലിറ്റി ബിൽ പേയ്‌മെന്റുകൾ, മൊബൈൽ റീചാർജ്, ആധാർ അടിസ്ഥാനമാക്കിയുള്ള രജിസ്ട്രേഷൻ എന്നിവയും ഈ സേവനത്തിൽ ലഭ്യമാക്കുമെന്ന് ഫോൺപേ അറിയിച്ചു.