ഓപ്പൺ എ.ഐ തന്റെ ആശയം; സാം ആൾട്ട്മാൻ ചാരിറ്റിയെ കൊള്ളയടിക്കുന്നുവെന്ന് ഇലോൺ മസ്ക്
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്തെ വമ്പന്മാരായ ഓപ്പൺ എ.ഐക്കെതിരെ ആഞ്ഞടിച്ച് ഇലോൺ മസ്ക്. ഓപ്പൺ എ.ഐ എന്നത് തന്റെ ആശയമാണെന്നും ലാഭേച്ഛയില്ലാതെ പ്രവർത്തിക്കാൻ തുടങ്ങിയ സ്ഥാപനത്തെ സാം ആൾട്ട്മാനും സംഘവും ചേർന്ന് കൊള്ളയടിക്കുകയാണെന്നും മസ്ക് കോടതിയിൽ ആരോപിച്ചു. ചാറ്റ് ജി.പി.ടി നിർമ്മാതാക്കൾക്കെതിരെയുള്ള നിയമപോരാട്ടത്തിന്റെ ഭാഗമായാണ് മസ്ക് തന്റെ നിലപാട് വ്യക്തമാക്കിയത്.
സാം ആൾട്ട്മാൻ, ഗ്രെഗ് ബ്രോക്ക്മാൻ എന്നിവർക്കെതിരെ മസ്ക് ഫയൽ ചെയ്ത കേസിൽ വിചാരണ തുടരുകയാണ്. മാനവികതയ്ക്ക് ഗുണകരമാകുന്ന രീതിയിൽ സൗജന്യമായി ഉപയോഗിക്കാവുന്ന ഒരു പ്ലാറ്റ്‌ഫോം എന്ന ലക്ഷ്യത്തോടെയാണ് താൻ ഓപ്പൺ എ.ഐക്ക് രൂപം നൽകിയതെന്ന് മസ്ക് വാദിക്കുന്നു. എന്നാൽ നിലവിൽ ലാഭം മാത്രം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ഒരു ബിസിനസ് സ്ഥാപനമായി ഇത് മാറിയിരിക്കുകയാണ്. ഓപ്പൺ എ.ഐ എന്ന പേരും പ്രാരംഭ മൂലധനവും നൽകിയത് താനാണെന്നും മികച്ച സാങ്കേതിക വിദഗ്ധരെ ഇതിലേക്ക് റിക്രൂട്ട് ചെയ്തത് താൻ നേരിട്ടാണെന്നും മസ്ക് കോടതിയെ അറിയിച്ചു.
"ഒരു ചാരിറ്റി സ്ഥാപനത്തെ കൊള്ളയടിക്കുന്നത് നമ്മൾ നോക്കിനിന്നാൽ അത് അമേരിക്കയിലെ മുഴുവൻ ചാരിറ്റി പ്രവർത്തനങ്ങളെയും ബാധിക്കും. ലാഭമുണ്ടാക്കാൻ ഉദ്ദേശിച്ചിരുന്നെങ്കിൽ എനിക്ക് സ്വന്തമായി അത് തുടങ്ങാമായിരുന്നു. എന്നാൽ ഒരു വ്യക്തിക്കും ലാഭമുണ്ടാവാത്ത രീതിയിൽ പൊതുനന്മയ്ക്ക് വേണ്ടിയാണ് അത് ആരംഭിച്ചത്," മസ്ക് പറഞ്ഞു. മൈക്രോസോഫ്റ്റുമായുള്ള ഓപ്പൺ എ.ഐയുടെ പങ്കാളിത്തം അതിന്റെ അടിസ്ഥാന ലക്ഷ്യങ്ങളിൽ നിന്നുള്ള വ്യതിചലനമാണെന്നും മസ്ക് ആരോപിക്കുന്നു. കേസിൽ വരും ദിവസങ്ങളിൽ കൂടുതൽ വാദപ്രതിവാദങ്ങൾ നടക്കും.
