പുതിയ പങ്കാളിത്തം പ്രഖ്യാപിച്ച് ഓപ്പൺഎഐയും ആമസോണും; 50 ബില്യൺ ഡോളറിന്റെ നിക്ഷേപം

  1. Home
  2. Tech

പുതിയ പങ്കാളിത്തം പ്രഖ്യാപിച്ച് ഓപ്പൺഎഐയും ആമസോണും; 50 ബില്യൺ ഡോളറിന്റെ നിക്ഷേപം

open ai


മൈക്രോസോഫ്റ്റുമായുള്ള എക്സ്ക്ലൂസീവ് കരാർ അവസാനിച്ചതിന് പിന്നാലെ, നിർമ്മിത ബുദ്ധി (AI) രംഗത്ത് വലിയ മാറ്റങ്ങൾ കുറിച്ചുകൊണ്ട് ഓപ്പൺ എഐയും ആമസോണും തമ്മിൽ ദീർഘകാല തന്ത്രപ്രധാന പങ്കാളിത്തം പ്രഖ്യാപിച്ചു. ആമസോൺ വെബ് സർവീസ് (AWS) വഴി ഓപ്പൺ എഐയുടെ ഏറ്റവും പുതിയ മോഡലുകൾ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുക എന്നതാണ് ഈ കരാറിന്റെ പ്രധാന ലക്ഷ്യം. 2025 നവംബറിൽ കമ്പ്യൂട്ടിംഗ് ശേഷി വർദ്ധിപ്പിക്കുന്നതിനായി ഇരു കമ്പനികളും തമ്മിൽ കരാർ ഉണ്ടായിരുന്നുവെങ്കിലും പുതിയത് അതിനേക്കാൾ വിപുലമാണ്.

ഈ വമ്പൻ കരാറിന്റെ ഭാഗമായി ആമസോൺ ഓപ്പൺ എഐയിൽ ആകെ 50 ബില്യൺ ഡോളർ നിക്ഷേപിക്കും. ഇതിൽ ആദ്യഘട്ടമായി 15 ബില്യൺ ഡോളറും ശേഷിക്കുന്ന 35 ബില്യൺ ഡോളർ നിശ്ചിത വ്യവസ്ഥകൾക്ക് വിധേയമായും കൈമാറും. എഐ മേഖലയിലെ ഏറ്റവും വലിയ സാമ്പത്തിക ഇടപാടുകളിൽ ഒന്നായി ഇത് മാറും. കൂടാതെ നിലവിലുള്ള കമ്പ്യൂട്ട് കരാർ അടുത്ത എട്ട് വർഷത്തിനുള്ളിൽ 38 ബില്യൺ ഡോളറിൽ നിന്ന് 100 ബില്യൺ ഡോളറായി വർദ്ധിപ്പിക്കാനും തീരുമാനമായിട്ടുണ്ട്.

'സ്റ്റേറ്റ്‌ഫുൾ റൺടൈം എൻവയോൺമെന്റ്' എന്ന പുതിയ സാങ്കേതിക സംവിധാനമാണ് ഈ പങ്കാളിത്തത്തിലെ പ്രധാന ആകർഷണം. ആമസോൺ ബെഡ്‌റോക്ക് പ്ലാറ്റ്‌ഫോമിലൂടെ ലഭ്യമാകുന്ന ഈ സംവിധാനം, എഐ മോഡലുകൾക്ക് മെമ്മറി, കമ്പ്യൂട്ട് തുടങ്ങിയ ഘടകങ്ങളുമായി നേരിട്ട് ഇടപഴകാൻ സഹായകമാകും. ഇതിലൂടെ കൂടുതൽ സങ്കീർണ്ണമായ ജോലികൾ ചെയ്യാൻ ശേഷിയുള്ള ആപ്ലിക്കേഷനുകൾ നിർമ്മിക്കാൻ സാധിക്കും. ഓപ്പൺ എഐയുടെ ഫ്രണ്ടിയർ മോഡലുകളുടെ എക്സ്ക്ലൂസീവ് തേർഡ്-പാർട്ടി ക്ലൗഡ് വിതരണക്കാരനായി ഇതോടെ ആമസോൺ വെബ് സർവീസ് മാറും.

ഉയർന്ന ശേഷിയുള്ള കമ്പ്യൂട്ടിംഗ് സംവിധാനങ്ങൾക്കായി ഓപ്പൺ എഐ ഇനി ആമസോണിന്റെ ട്രെയിനിയം (Trainium) ചിപ്പുകൾ ഉപയോഗിക്കും. 2027-ഓടെ പുറത്തിറങ്ങുന്ന ട്രെയിനിയം 4 ചിപ്പുകളും ഈ പദ്ധതിയുടെ ഭാഗമാണ്. പുതിയ കൂട്ടുകെട്ട് നിർമ്മിത ബുദ്ധി മേഖലയിലെ ആഗോള മത്സരത്തെ കൂടുതൽ ശക്തമാക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.