അറാറിൽ പൗർണമിക്കൊപ്പം ഭാഗിക ചന്ദ്രഗ്രഹണം; വടക്കൻ സൗദിയിൽ അപൂർവ ആകാശവിസ്മയം
സൗദി അറേബ്യയുടെ വടക്കൻ അതിർത്തി നഗരമായ അറാറിൽ അപൂർവ ആകാശവിസ്മയമായി ഭാഗിക ചന്ദ്രഗ്രഹണം ദൃശ്യമായി. റബീഉൽ അവ്വൽ മാസത്തിലെ പൗർണമിയോട് അനുബന്ധിച്ചാണ് വെള്ളിയാഴ്ച പുലർച്ചെ ഈ പ്രതിഭാസം അനുഭവപ്പെട്ടത്. സൗദിയിൽ ചന്ദ്രൻ അസ്തമിക്കുന്നതിന് മുൻപുള്ള പ്രാഥമിക ഘട്ടങ്ങൾ ദൃശ്യമായപ്പോൾ, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത് ദീർഘനേരം തുടർന്നു.
അറാറിൽ പുലർച്ചെ 4.23-ഓടെ പെനംബ്രൽ (ഉപഛായ) ഗ്രഹണ ഘട്ടത്തോടെയാണ് ഇത് ആരംഭിച്ചത്. 5.33-ഓടെ ചന്ദ്രൻ ഭൂമിയുടെ നിഴൽ പ്രദേശത്തേക്ക് കടന്നതോടെ ഭാഗിക ഗ്രഹണം വ്യക്തമായി. പടിഞ്ഞാറൻ ചക്രവാളത്തിൽ ചന്ദ്രൻ അസ്തമിച്ച 5.49 വരെയാണ് സൗദിയിൽ ഇത് ദൃശ്യമായത്.
ഭൂമി സൂര്യനും ചന്ദ്രനും ഇടയിൽ കൃത്യമായി വരുകയും ചന്ദ്രൻ ഭൂമിയുടെ നിഴലിലൂടെ കടന്നുപോകുകയും ചെയ്യുമ്പോഴാണ് ചന്ദ്രഗ്രഹണം സംഭവിക്കുന്നതെന്ന് അസ്ട്രോണമി ആൻഡ് സ്പേസ് ക്ലബ് അംഗം അദ്നാൻ ഖലീഫ വ്യക്തമാക്കി. ആഗോളതലത്തിൽ ഉച്ചസ്ഥായിയിൽ ചന്ദ്രന്റെ 93 ശതമാനത്തോളം ഭാഗവും ഭൂമിയുടെ നിഴലിൽ മറഞ്ഞിരുന്നതിനാൽ പൂർണ ചന്ദ്രഗ്രഹണത്തിന് സമാനമായിരുന്നു അനുഭവം. ആഗോളതലത്തിൽ മൂന്ന് മണിക്കൂറും 18 മിനിറ്റും ഈ ഗ്രഹണം നീണ്ടുനിന്നു.
