AI ഡാറ്റാ സെന്ററിനെതിരെ പ്രതിഷേധം; പരാതിക്കാരായ പ്രദേശവാസികളുടെ 418 വീടുകൾ വിലയ്ക്കുവാങ്ങാൻ മസ്‌കിന്റെ നീക്കം

  1. Home
  2. Tech

AI ഡാറ്റാ സെന്ററിനെതിരെ പ്രതിഷേധം; പരാതിക്കാരായ പ്രദേശവാസികളുടെ 418 വീടുകൾ വിലയ്ക്കുവാങ്ങാൻ മസ്‌കിന്റെ നീക്കം

elon musk


ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനായ ഇലോൺ മസ്‌ക് തന്റെ നിർമിതബുദ്ധി സംരംഭമായ 'xAI'-യുടെ ഡാറ്റാ സെന്ററിന് സമീപമുള്ള 418 വീടുകൾ വിലയ്ക്കുവാങ്ങാൻ നീക്കം നടത്തുന്നതായി റിപ്പോർട്ടുകൾ. അമേരിക്കയിലെ മിസിസിപ്പിയിലുള്ള റെസിഡൻഷ്യൽ മേഖലയിൽ ഡാറ്റാ സെന്റർ കാരണം ഉണ്ടാകുന്ന കടുത്ത ശബ്ദ മലിനീകരണത്തിനെതിരെ പ്രതിഷേധവും നിയമനടപടികളും ശക്തമായ സാഹചര്യത്തിലാണ് ഈ അസാധാരണ നീക്കം.

എന്നാൽ വീടുകൾ സ്വന്തമാക്കുന്നതിന് കർശനമായ ഒരു ഉപാധിയാണ് മസ്‌ക് മുന്നോട്ടുവെച്ചിട്ടുള്ളത്. ഡാറ്റാ സെന്ററുകൾക്ക് വൈദ്യുതി എത്തിക്കുന്ന പവർ പ്ലാന്റിൽ നിന്നുള്ള ശബ്ദ മലിനീകരണത്തിനെതിരെ പ്രദേശവാസികൾ നൽകിയ നിയമപോരാട്ടത്തിൽ ഈ വീട്ടുടമകൾ കക്ഷികളാകരുത് എന്നതാണ് പ്രധാന വ്യവസ്ഥ. സൗത്ത്‌ഹേവനിലെ കൊളോണിയൽ ഹിൽസ് പ്രദേശത്തെ താമസക്കാരെ xAI-യുടെ റിയൽ എസ്റ്റേറ്റ് പ്രതിനിധികൾ ഇതിനായി നിരന്തരം സമീപിക്കുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

മസ്‌കിന്റെ പ്രശസ്തമായ 'ഗ്രോക്ക്' (Grok) എ.ഐ ചാറ്റ്‌ബോട്ടിന് പിന്തുണ നൽകുന്ന മൂന്ന് കൂറ്റൻ ഡാറ്റാ സെന്ററുകളാണ് ഇവിടെ പ്രവർത്തിക്കുന്നത്. ഇതിലേക്ക് വൈദ്യുതി നൽകുന്ന ഗ്യാസ് ടർബൈനുകൾ വിമാന എൻജിന് സമാനമായ നിരന്തര ശബ്ദം ഉണ്ടാക്കുന്നു എന്നാണ് ജൂണിൽ സമർപ്പിച്ച ഹർജിയിൽ നാട്ടുകാരുടെ പരാതി. 400-ലധികം വീടുകൾ വാങ്ങി ഡാറ്റാ സെന്ററിലെ ജീവനക്കാർക്ക് താമസ സൗകര്യമൊരുക്കാനാണ് കമ്പനി തത്വത്തിൽ തീരുമാനിച്ചിരിക്കുന്നത്. ഒക്ടോബർ 9 മുതൽ xAI-യുടെ ഉപസ്ഥാപനമായ MZX അഞ്ച് വീടുകൾ ഇതിനകം സ്വന്തമാക്കിക്കഴിഞ്ഞതായി പ്രാദേശിക ഭരണകൂടത്തിന്റെ ഔദ്യോഗിക രേഖകൾ വ്യക്തമാക്കുന്നു.