ഐ.എൻ.എസ് വിക്രാന്തിലേക്ക് പറന്നിറങ്ങി റഫാൽ മറൈൻ; പരീക്ഷണം വിജയം

  1. Home
  2. Tech

ഐ.എൻ.എസ് വിക്രാന്തിലേക്ക് പറന്നിറങ്ങി റഫാൽ മറൈൻ; പരീക്ഷണം വിജയം

rafale


ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച വിമാനവാഹിനിക്കപ്പലായ ഐ.എൻ.എസ് വിക്രാന്തിൽ വിജയകരമായി ലാൻഡ് ചെയ്ത് ഫ്രഞ്ച് നിർമ്മിത റഫാൽ മറൈൻ (Rafale Marine) യുദ്ധവിമാനം. ഗോവ തീരത്ത് ഒക്ടോബർ 29-ന് നടന്ന പരീക്ഷണപ്പറക്കലിലാണ് ഇന്ത്യൻ നാവികസേന നിർണായകമായ ഈ നേട്ടം കൈവരിച്ചത്.

നാവികസേനയിൽ ഔദ്യോഗികമായി ഉൾപ്പെടുത്തുന്നതിന് മുന്നോടിയായി ഐ.എൻ.എസ് വിക്രാന്തിന്റെ ഡെക്കിലെ പ്രവർത്തനക്ഷമത വിലയിരുത്തുന്നതിനും വിന്യാസത്തിന് സജ്ജമാക്കുന്നതിനുമായാണ് ഈ പരീക്ഷണം നടത്തിയത്. നാവികസേനയ്ക്കായി 26 റഫാൽ മറൈൻ വിമാനങ്ങൾ വാങ്ങുന്നതിന് ഇന്ത്യയും ഫ്രാൻസും തമ്മിൽ 63,000 കോടി രൂപയുടെ കരാറിലാണ് ഒപ്പുവെച്ചിട്ടുള്ളത്. ഇതിൽ 22 സിംഗിൾ സീറ്റർ പോർവിമാനങ്ങളും 4 ട്വിൻ സീറ്റർ പരിശീലന വിമാനങ്ങളും ഉൾപ്പെടുന്നു.

തദ്ദേശീയമായി നിർമ്മിച്ച ആയുധങ്ങൾ വിമാനത്തിൽ ഘടിപ്പിക്കുന്നതിനുള്ള സാങ്കേതികവിദ്യാ കൈമാറ്റവും ഇന്ത്യയിൽ അറ്റകുറ്റപ്പണി സൗകര്യങ്ങൾ സ്ഥാപിക്കുന്നതും കരാറിന്റെ ഭാഗമാണ്. നിലവിൽ ഫ്രഞ്ച് നാവികസേന മാത്രം ഉപയോഗിക്കുന്ന റഫാൽ മറൈൻ വിമാനങ്ങൾ കൂടി എത്തുന്നതോടെ ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ ഇന്ത്യൻ നാവികസേനയുടെ പ്രതിരോധ ശേഷി കൂടുതൽ ശക്തമാകും.