പള്ളിയിലെത്തി പെരുന്നാൾ നമസ്കരിച്ച്​ റോബോട്ട്; സോഷ്യൽ മീഡിയയിൽ വൈറലായി വിഡിയോ

  1. Home
  2. Tech

പള്ളിയിലെത്തി പെരുന്നാൾ നമസ്കരിച്ച്​ റോബോട്ട്; സോഷ്യൽ മീഡിയയിൽ വൈറലായി വിഡിയോ

robot


പരമ്പരാഗത എമിറാത്തി വസ്ത്രമായ കന്ദൂരയും ശെമാഗും ധരിച്ച് ദുബൈയിലെ പള്ളിയിൽ വിശ്വാസികൾക്കൊപ്പം പെരുന്നാൾ നമസ്കാരത്തിൽ പങ്കെടുക്കുന്ന ഒരു ഹ്യൂമനോയിഡ് റോബോട്ടിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. യു.എ.ഇയിൽ ഏറെ ജനപ്രിയനായ 'ബു സുനൈദ' (Bu Sunaida) എന്ന റോബോട്ടിന്റെ വിഡിയോയാണ് ഇപ്പോൾ ജനശ്രദ്ധ ആകർഷിക്കുന്നത്. 'യൂനിട്രീ ജി1' (Unitree G1) ഇനത്തിൽപ്പെട്ട ഈ ഹ്യൂമനോയിഡ് റോബോട്ടിന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് വിഡിയോ ആദ്യം പ്രത്യക്ഷപ്പെട്ടത്.

‘അല്ലാഹു നിങ്ങളുടെ നല്ല കർമ്മങ്ങൾ സ്വീകരിക്കട്ടെ, ഈദ് മുബാറക്. നമ്മുടെ പ്രിയപ്പെട്ട കുട്ടികൾക്കായി ഈ വിദ്യാഭ്യാസപരമായ ഉള്ളടക്കം സമർപ്പിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്’ എന്ന മനോഹരമായ അടിക്കുറിപ്പോടെയാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. കാറിൽനിന്ന് ഇറങ്ങി, പള്ളിക്കുള്ളിലേക്ക് നടന്നുപോയി അവിടെയുള്ള മറ്റ് വിശ്വാസികൾക്കൊപ്പം കൃത്യതയോടെ നമസ്കാരത്തിന്റെ ചലനങ്ങൾ അനുകരിക്കുന്ന റോബോട്ടാണ്​ വീഡിയോയിലുള്ളത്. കുട്ടികൾക്ക് പെരുന്നാൾ നമസ്കാരത്തിന്റെ രീതികൾ ലളിതമായി പഠിപ്പിച്ചു നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ വിഡിയോ തയ്യാറാക്കിയിരിക്കുന്നത്.

കഴിഞ്ഞ ഏതാനും മാസങ്ങളായി യു.എ.ഇയിൽ വലിയൊരു ആരാധകവൃന്ദത്തെ സൃഷ്ടിക്കാൻ ബു സുനൈദയ്ക്ക് കഴിഞ്ഞിട്ടുണ്ട്. യു.എ.ഇയിലെ വിവിധ പൊതുപരിപാടികളിലും നഗരവീഥികളിലും ഈ റോബോട്ട് ഇപ്പോൾ ഒരു സ്ഥിരം സാന്നിധ്യമാണ്. ദുബൈ ഭരണാധികാരിയും യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മഖ്​തൂമിനൊപ്പം എമിറേറ്റ്സ് ടവറിന് സമീപം പ്രത്യക്ഷപ്പെട്ടതോടെയാണ് ഈ ഹ്യൂമനോയിഡ് റോബോട്ട് രാജ്യവ്യാപകമായി വലിയ വാർത്താ പ്രാധാന്യം നേടിയത്.