ബുദ്ധസന്യാസിയായി ഇനി റോബോട്ടും; ദക്ഷിണകൊറിയയിൽ ചരിത്രം കുറിച്ച് 'ഗാബി'

  1. Home
  2. Tech

ബുദ്ധസന്യാസിയായി ഇനി റോബോട്ടും; ദക്ഷിണകൊറിയയിൽ ചരിത്രം കുറിച്ച് 'ഗാബി'

GABI


ആധുനിക സാങ്കേതികവിദ്യയും ആത്മീയതയും കൈകോർക്കുന്ന അപൂർവ്വ കാഴ്ചയ്ക്ക് സാക്ഷ്യം വഹിച്ച് ദക്ഷിണകൊറിയൻ തലസ്ഥാനമായ സോൾ. നഗരമധ്യത്തിലെ പ്രശസ്തമായ ബുദ്ധക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ 'ഗാബി' (Gabi) എന്ന് പേരിട്ട ഹ്യൂമനോയിഡ് റോബോട്ട് ബുദ്ധസന്യാസിയായി ദീക്ഷ സ്വീകരിച്ചു. ദക്ഷിണകൊറിയയിലെ ഏറ്റവും വലിയ ബുദ്ധമത വിഭാഗമായ ജോഗി ഓർഡറിന്റെ (Jogye Order) നേതൃത്വത്തിൽ നടന്ന 'സുഗ്യെ' (Sugye) ചടങ്ങിലാണ് റോബോട്ട് സന്യാസ വസ്ത്രം അണിഞ്ഞത്.

ചൈനീസ് കമ്പനിയായ യൂണിട്രീ റോബോട്ടിക്സ് നിർമ്മിച്ച 'ജി1' (G1) മോഡൽ റോബോട്ടാണ് സന്യാസിയായി മാറിയത്. ഏകദേശം നാലടി ഉയരമുള്ള ഗാബി, ചടങ്ങിൽ മനുഷ്യ സന്യാസികൾക്കൊപ്പം അഞ്ച് പ്രതിജ്ഞകൾ എടുത്തു. എന്നാൽ റോബോട്ടിന് അനുയോജ്യമായ രീതിയിൽ ഈ പ്രതിജ്ഞകളിൽ മാറ്റം വരുത്തിയിരുന്നു. ജീവനെ ബഹുമാനിക്കുക, മറ്റ് റോബോട്ടുകളോടും വസ്തുക്കളോടും സമാധാനപരമായി പെരുമാറുക, മനുഷ്യരെ അനുസരിക്കുക, വഞ്ചനാപരമായ രീതിയിൽ സംസാരിക്കുകയോ പ്രവർത്തിക്കുകയോ ചെയ്യാതിരിക്കുക, ഊർജ്ജം ലാഭിക്കുക എന്നിവയായിരുന്നു ഗാബിയുടെ വ്രതങ്ങൾ.

സാധാരണയായി സന്യാസ ദീക്ഷയുടെ ഭാഗമായി കൈകളിൽ ചന്ദനത്തിരി ഉപയോഗിച്ച് ചെറിയ പൊള്ളലേൽപ്പിക്കുന്ന 'യോൻബി' (Yeonbi) ചടങ്ങിന് പകരം, റോബോട്ടിന് ലോട്ടസ് ലാന്റേൺ സ്റ്റിക്കറും പ്രാർത്ഥനാ മാലയുമാണ് നൽകിയത്. ബുദ്ധമത പാരമ്പര്യത്തിലേക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ (AI) ധീരമായി സ്വീകരിക്കുന്നതിന്റെ ഭാഗമാണിതെന്ന് ജോഗി ഓർഡർ പ്രസിഡന്റ് വെനറബിൾ ജിൻവൂ വ്യക്തമാക്കി. ആത്മശാന്തിയിലേക്കും ബോധോദയത്തിലേക്കും ഐടി നേട്ടങ്ങളെ തിരിച്ചുവിടാനാണ് തങ്ങൾ ശ്രമിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

റോബോട്ടുകൾ മതപരമായ ചടങ്ങുകളിൽ പങ്കെടുക്കുന്നത് മുൻപും റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും, ഔദ്യോഗികമായി സന്യാസ പദവി നൽകുന്നത് ശ്രദ്ധേയമായ നീക്കമാണ്. വരാനിരിക്കുന്ന ബുദ്ധപൂർണ്ണിമ ആഘോഷങ്ങളിലും ലോട്ടസ് ലാന്റേൺ ഫെസ്റ്റിവലിലും ഗാബി സജീവമായി പങ്കെടുക്കും.