ഉപഗ്രഹങ്ങളുടെ സുരക്ഷ: ബഹിരാകാശ മാലിന്യങ്ങൾ കണ്ടെത്താൻ അത്യാധുനിക റഡാറുമായി ഐ.എസ്.ആർ.ഒ

  1. Home
  2. Tech

ഉപഗ്രഹങ്ങളുടെ സുരക്ഷ: ബഹിരാകാശ മാലിന്യങ്ങൾ കണ്ടെത്താൻ അത്യാധുനിക റഡാറുമായി ഐ.എസ്.ആർ.ഒ

isro


കാലാവധി കഴിഞ്ഞ ഉപഗ്രഹങ്ങളും ബഹിരാകാശ മാലിന്യങ്ങളും കൃത്യമായി തിരിച്ചറിയാൻ അത്യാധുനിക സ്‌പേസ് ട്രാക്കിങ് റഡാർ സംവിധാനവുമായി ഐ.എസ്.ആർ.ഒ (ISRO). അസമിലെ ഗുവഹാട്ടിക്ക് സമീപം ചന്ദ്രപൂരിയിൽ 67 ഏക്കറിലാണ് കേന്ദ്രം നിർമ്മിക്കുന്നത്. ഉപഗ്രഹങ്ങൾക്ക് ഭീഷണിയാകുന്ന മാലിന്യങ്ങൾ കണ്ടെത്തി മുന്നറിയിപ്പ് നൽകുന്ന ഐ.എസ്.ആർ.ഒയുടെ 'പ്രോജക്ട് നേത്ര'യുടെ (Project NETRA) ഭാഗമായാണ് ഈ പദ്ധതി. അഡ്വാൻസ്ഡ് റഡാർ റിസർച്ച് സെന്ററിന്റെ ശിലാസ്ഥാപനം ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ. വി. നാരായണന്റെ സാന്നിധ്യത്തിൽ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ നിർവഹിച്ചു.

പദ്ധതിയുടെ ആദ്യഘട്ടം ജനുവരിയിൽ പ്രവർത്തനക്ഷമമാകും. നാലുവർഷത്തിനുള്ളിൽ കേന്ദ്രം പൂർണസജ്ജമാകും. ശക്തിയേറിയ റേഡിയോ തരംഗങ്ങൾ ബഹിരാകാശത്തേക്ക് അയച്ച്, അവയുടെ പ്രതിഫലനം വിശകലനം ചെയ്താണ് സഞ്ചാരപഥത്തിലേക്ക് വരുന്ന വസ്തുക്കളെ കണ്ടെത്തി കൂട്ടിയിടി മുന്നറിയിപ്പുകൾ നൽകുന്നത്. നിലവിൽ ഇത്തരത്തിലുള്ള നിരീക്ഷണങ്ങൾക്ക് യു.എസിന്റെ എയ്‌റോസ്‌പേസ് ഡിഫൻസ് കമാൻഡ് ഉൾപ്പെടെയുള്ള വിദേശ ഏജൻസികളെയാണ് ഇന്ത്യ ആശ്രയിച്ചിരുന്നത്.

പുതിയ സംവിധാനം സജ്ജമാകുന്നതോടെ ഇന്ത്യയുടെ ആകാശപരിധിയിലൂടെ കടന്നുപോകുന്ന ഏതൊരു വസ്തുവിനെയും സ്വയം നിരീക്ഷിക്കാൻ കഴിയും. ഏത് പ്രതികൂല കാലാവസ്ഥയിലും ബഹിരാകാശത്ത് 2000 കിലോമീറ്റർ ദൂരത്തുള്ള 10 സെന്റീമീറ്റർ മാത്രം വ്യാസമുളള ചെറിയ വസ്തുക്കളെ വരെ തിരിച്ചറിയാൻ ഈ റഡാറിന് സാധിക്കും. ഇതിനുപുറമേ, ഭാവിയിലെ ബഹിരാകാശ ദൗത്യങ്ങൾക്കായി കൂടുതൽ വിക്ഷേപണ കേന്ദ്രങ്ങളും റഡാർ സ്റ്റേഷനുകളും സ്ഥാപിക്കാൻ പദ്ധതിയുണ്ടെന്നും ക്ലൗഡ് റഡാർ ഉടൻ കമ്മീഷൻ ചെയ്യുമെന്നും ഐ.എസ്.ആർ.ഒ ചെയർമാൻ അറിയിച്ചു.