വാട്‌സ്ആപ്പിൽ സുരക്ഷാ വീഴ്ച; മുന്നറിയിപ്പുമായി കേന്ദ്ര ഏജൻസി

  1. Home
  2. Tech

വാട്‌സ്ആപ്പിൽ സുരക്ഷാ വീഴ്ച; മുന്നറിയിപ്പുമായി കേന്ദ്ര ഏജൻസി

whatsapp


മെസേജിങ് ആപ്ലിക്കേഷനായ വാട്‌സ്ആപ്പിൽ സുരക്ഷാ പിഴവ് കണ്ടെത്തിയതായി കേന്ദ്ര ഏജൻസിയായ ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം (CERT-In) ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി. ഈ സുരക്ഷാ പഴുത് മുതലെടുത്താൽ ഹാക്കർമാർക്ക് ഉപയോക്താക്കൾക്ക് വലിയ നാശനഷ്ടങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

ഈ സുരക്ഷാ പ്രശ്നം പ്രധാനമായും ബാധിക്കുക ഐഫോൺ, മാക് പതിപ്പുകൾ ഉൾപ്പെടെയുള്ള ആപ്പിൾ ഉപയോക്താക്കളെയാണ്. ചാറ്റിനും ചിത്രങ്ങൾ അയക്കുന്നതിനും വാട്‌സ്ആപ്പിനെ ആശ്രയിക്കുന്ന കോടിക്കണക്കിന് ഉപയോക്താക്കളെ ബാധിക്കാൻ സാധ്യതയുള്ള ഒരു വീഴ്ചയാണിത്. റിച്ച് റെസ്‌പോൺസ് മെസേജുകൾ (Rich Response Messages) അപൂർണ്ണമായി പരിശോധിക്കുന്നതാണ് ഈ സുരക്ഷാ പിഴവിന് കാരണം. ഈ പിഴവ് മുതലെടുത്ത് ഒരു ഹാക്കർക്ക് മറ്റൊരാളുടെ ഫോണിൽ ഏതെങ്കിലും യു.ആർ.എല്ലിൽ നിന്നുള്ള ഉള്ളടക്കം പ്രോസസ് ചെയ്യാൻ നിർദ്ദേശിക്കാൻ കഴിയുമെന്ന് CERT-In തങ്ങളുടെ സുരക്ഷാ ബുള്ളറ്റിനിൽ വ്യക്തമാക്കുന്നു.

സുരക്ഷാ പിഴവുള്ള പതിപ്പുകൾ:

  • ഐ.ഒ.എസിനായുള്ള വാട്‌സ്ആപ്പിന്റെ v2.25.23.73-ന് മുമ്പുള്ള പതിപ്പുകൾ.

  • ഐ.ഒ.എസിനായുള്ള വാട്‌സ്ആപ്പ് ബിസിനസ്സിന്റെ v2.25.23.82-ന് മുമ്പുള്ള പതിപ്പുകൾ.

  • മാക്കിനായുള്ള വാട്‌സ്ആപ്പിന്റെ v2.25.23.83-ന് മുമ്പുള്ള പതിപ്പുകൾ.

സുരക്ഷാ പിഴവുകൾ ആപ്പിൾ ഡിവൈസുകൾക്ക് പ്രധാന വെല്ലുവിളിയാകുന്നുണ്ടെങ്കിലും, ഇതുവഴി ആർക്കെങ്കിലും ബുദ്ധിമുട്ടുകൾ നേരിട്ടതായി തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് വാട്‌സ്ആപ്പ് അവകാശപ്പെടുന്നു. ഉപയോക്താക്കൾ സുരക്ഷാ പിഴവ് മറികടക്കുന്നതിനായി വാട്‌സ്ആപ്പിന്റെ ഏറ്റവും പുതിയ പതിപ്പ് ഉടൻ തന്നെ ഇൻസ്റ്റാൾ ചെയ്യണം. ആപ്പിൽ തന്നെയുള്ള 'App Update' ഓപ്ഷൻ വഴിയോ അല്ലെങ്കിൽ നേരിട്ട് ആപ്പ് സ്റ്റോറിൽ പോയോ അപ്‌ഡേറ്റ് ചെയ്യാവുന്നതാണ്.