ലക്ഷ്യം തെറ്റിയ സ്പേസ് എക്സിന്റെ റോക്കറ്റ് ചന്ദ്രനിൽ ഇടിച്ചിറങ്ങും; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞർ

  1. Home
  2. Tech

ലക്ഷ്യം തെറ്റിയ സ്പേസ് എക്സിന്റെ റോക്കറ്റ് ചന്ദ്രനിൽ ഇടിച്ചിറങ്ങും; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞർ

space x


ലക്ഷ്യം തെറ്റി സഞ്ചരിക്കുന്ന സ്പേസ് എക്സ് റോക്കറ്റ് ദിവസങ്ങൾക്കകം ചന്ദ്രനിൽ ഇടിച്ചിറങ്ങുമെന്ന് ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. വർഷങ്ങൾക്ക് മുമ്പ് ചന്ദ്രനിലേക്ക് രണ്ട് ലാൻഡറുകൾ അയക്കാൻ ഉപയോഗിച്ച റോക്കറ്റാണ് കൺട്രോൾ നഷ്ടപ്പെട്ട് ചന്ദ്രനിൽ ഇടിക്കാൻ ഒരുങ്ങുന്നത്. മണിക്കൂറിൽ 8,700 കിലോമീറ്റർ വേഗതയിൽ ചന്ദ്രന്റെ വെളിച്ചമുള്ള പടിഞ്ഞാറൻ ഭാഗത്തെ 'ഐൻസ്റ്റീൻ ഗർത്തത്തിന്' സമീപമാകും ഇത് പതിക്കുകയെന്ന് സ്പേസ് ട്രാക്കിംഗ് വിദഗ്ദ്ധനായ ബിൽ ഗ്രേ വ്യക്തമാക്കുന്നു.

റോക്കറ്റിന്റെ അപ്പർസ്റ്റേജ് ഭാഗം ചന്ദ്രനിൽ ഇടിച്ചിറങ്ങുന്നതോടെ പുതിയൊരു ഗർത്തം രൂപപ്പെടുകയും വലിയ തോതിൽ പൊടിയും അവശിഷ്ടങ്ങളും ഉയരുകയും ചെയ്യും. ഈ കൂട്ടിയിടി അമേരിക്ക, കാനഡയുടെ കിഴക്കൻ മേഖലകൾ, തെക്കേ അമേരിക്ക എന്നിവിടങ്ങളിൽ നിന്ന് ദൂരദർശിനികൾ വഴി മിനിറ്റുകളോളം ദൃശ്യമാകും.

12 മീറ്റർ നീളവും 4,500 കിലോഗ്രാം ഭാരവുമുള്ള ഈ റോക്കറ്റ് ഭാഗം പതിക്കുന്നതോടെ 27 മീറ്റർ വീതിയും 5 മീറ്റർ ആഴവുമുള്ള ഗർത്തം ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. നാസയുടെ ലൂണാർ റീകോണൈസൻസ് ഓർബിറ്ററും ദക്ഷിണ കൊറിയയുടെ ഡാനൂരിയും ഈ കൂട്ടിയിടിയുടെ ചിത്രങ്ങൾ പകർത്തിയേക്കും.