ചൈനീസ് കമ്പനികളിൽ നിന്ന് കടുത്ത മത്സരം; എ.ഐ മോഡലുകളുടെ വില 80% വരെ വെട്ടിക്കുറച്ച് ഓപ്പൺ എ.ഐ

  1. Home
  2. Tech

ചൈനീസ് കമ്പനികളിൽ നിന്ന് കടുത്ത മത്സരം; എ.ഐ മോഡലുകളുടെ വില 80% വരെ വെട്ടിക്കുറച്ച് ഓപ്പൺ എ.ഐ

ai


ആഗോള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിപണിയിൽ ചൈനീസ് കമ്പനികൾ ഉയർത്തുന്ന കടുത്ത ഭീഷണിയെത്തുടർന്ന് തങ്ങളുടെ എ.ഐ മോഡലുകളുടെ വില വെട്ടിക്കുറച്ച് ഓപ്പൺ എ.ഐ. കുറഞ്ഞ ചെലവിൽ മികച്ച സേവനം നൽകുന്ന ചൈനീസ് എ.ഐ മോഡലുകളിലേക്ക് ഉപഭോക്താക്കൾ ആകർഷിക്കപ്പെടുന്നത് തടയാനാണ് ഓപ്പൺ എ.ഐയുടെ ഈ നീക്കം. ഇതിന്റെ ഭാഗമായി കമ്പനിയുടെ GPT-5.6 സീരീസിലെ ചെറു മോഡലായ 'ലൂണ'യുടെ (Luna) വിലയിൽ 80 ശതമാനവും, ഇടത്തരം മോഡലായ 'ടെറ'യുടെ (Terra) വിലയിൽ 20 ശതമാനവും കുറവ് വരുത്തിയിട്ടുണ്ട്. എന്നാൽ പ്രീമിയം മോഡലായ 'സോളിന്റെ' (Sol) നിരക്കിൽ മാറ്റമില്ല.

ഡീപ്സീക്ക് (DeepSeek), മൂൺഷോട്ട് എ.ഐ (Moonshot AI) എന്നിവയുടെ Kimi K3 പോലെയുള്ള ചൈനീസ് ഓപ്പൺ സോഴ്സ് എ.ഐ മോഡലുകൾ ചുരുങ്ങിയ ചെലവിൽ വിപണിയിലെത്തിയതാണ് അമേരിക്കൻ കമ്പനിയായ ഓപ്പൺ എ.ഐക്ക് തിരിച്ചടിയായത്. കുറഞ്ഞ നിരക്കിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സേവനങ്ങൾ ലഭ്യമാക്കുന്നത് ബിസിനസ്സ് സ്ഥാപനങ്ങൾക്കും ആപ്പ് ഡെവലപ്പർമാർക്കും വലിയ ആശ്വാസമാകുമെന്നാണ് കരുതപ്പെടുന്നത്.