യു.എ.ഇ ആകാശത്ത് ഇന്ന് 'സ്‌ട്രോബെറി മൈക്രോമൂൺ' വിസ്മയം; അറിയേണ്ടതെല്ലാം
അന്താരാഷ്ട്ര ആസ്റ്ററോയിഡ് ദിനമായ ഇന്ന് (ജൂൺ 30) യു.എ.ഇ ആകാശത്ത് അപൂർവ്വ ആകാശവിസ്മയമായ 'സ്‌ട്രോബെറി മൈക്രോമൂൺ' (Strawberry Micromoon) ദൃശ്യമാകും. യു.എ.ഇ സമയം വൈകുന്നേരം 7:49-ഓടെ ദൃശ്യമാകുന്ന ഈ പ്രതിഭാസം നാളെ പുലർച്ചെ 6:25-ന് അസ്തമിക്കുമെന്ന് ദുബൈ അസ്‌ട്രോണമി ഗ്രൂപ്പ് (DAG) വ്യക്തമാക്കി. ചന്ദ്രൻ ഭൂമിയിൽ നിന്ന് ഏറ്റവും അകലെയുള്ള ഭ്രമണപഥത്തിലൂടെ സഞ്ചരിക്കുന്ന സമയമായതിനാൽ, സാധാരണ പൗർണ്ണമിയേക്കാൾ അല്പം വലിപ്പം കുറഞ്ഞും മങ്ങിയതുമായാകും ഇന്ന് ചന്ദ്രൻ കാണപ്പെടുക.
ആസ്റ്ററോയിഡ് ദിനത്തോടനുബന്ധിച്ച് ദുബൈ അസ്‌ട്രോണമി ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ദുബൈ സസ്‌റ്റൈനബിൾ സിറ്റിയിലെ 'സീ ഇൻസ്റ്റിറ്റ്യൂട്ടിൽ' (SEE Institute) വൈകുന്നേരം 7 മുതൽ രാത്രി 10 വരെ പ്രത്യേക നിരീക്ഷണ ക്യാമ്പും യഥാർത്ഥ ഉൽക്കാശിലകളുടെ (Meteorites) പ്രദർശനവും ഒരുക്കിയിട്ടുണ്ട്.
എന്താണ് 'സ്‌ട്രോബെറി മൂൺ'?
പേര് കേൾക്കുമ്പോൾ തോന്നാമെങ്കിലും, ചന്ദ്രന്റെ നിറം സ്‌ട്രോബെറി പോലെ ചുവപ്പായി മാറുന്നതുകൊണ്ടല്ല ഇതിന് 'സ്‌ട്രോബെറി മൂൺ' എന്ന് വിളിക്കുന്നത്. നോർത്ത് അമേരിക്കൻ ഗോത്രവർഗ്ഗക്കാരുടെ പരമ്പരാഗതമായ സ്‌ട്രോബെറി വിളവെടുപ്പ് കാലത്തെ (Strawberry harvesting season) അടിസ്ഥാനമാക്കിയാണ് ജൂൺ മാസത്തിലെ പൂർണ്ണചന്ദ്രന് ഈ പേര് നൽകിയിരിക്കുന്നത്. ജൂണിലെ പൗർണ്ണമി വരുന്നത് ഈ വിളവെടുപ്പ് സീസണിന്റെ തുടക്കത്തെ സൂചിപ്പിച്ചുകൊണ്ടാണ്.
എന്തുകൊണ്ടാണ് ഇത് 'മൈക്രോമൂൺ' ആകുന്നത്?
ചന്ദ്രൻ ഭൂമിയോട് ഏറ്റവും അടുത്ത് വരുമ്പോൾ കാണുന്ന 'സൂപ്പർമൂണിന്' (Supermoon) നേരെ വിപരീതമായ പ്രതിഭാസമാണിത്. ചന്ദ്രന്റെ ഭ്രമണപഥത്തിൽ ഭൂമിയിൽ നിന്ന് ഏറ്റവും അകലെയുള്ള ബിന്ദുവിനെ 'അപ്പോജി' (Apogee) എന്നാണ് വിളിക്കുന്നത്. പൂർണ്ണചന്ദ്രൻ ഈ അപ്പോജി ബിന്ദുവിനോട് അടുത്തു വരുമ്പോഴാണ് 'മൈക്രോമൂൺ' (Micromoon) സംഭവിക്കുന്നത്. ഈ അകലം കാരണം ചന്ദ്രൻ പതിവിലും 14% വരെ ചെറുതായും അല്പം മങ്ങിയതുമായാണ് ഭൂമിയിൽ നിന്ന് ദൃശ്യമാകുക.
എങ്ങനെ കാണാം?
ആകാശം മേഘാവൃതമല്ലെങ്കിൽ നഗ്‌നനേത്രങ്ങൾ കൊണ്ട് തന്നെ എവിടെനിന്നും സ്‌ട്രോബെറി മൈക്രോമൂൺ പൂർണ്ണമായി നിരീക്ഷിക്കാൻ കഴിയും. നഗരങ്ങളിലെ വെളിച്ച മലിനീകരണമില്ലാത്ത തുറസ്സായ സ്ഥലങ്ങളിൽ നിന്നാൽ കൂടുതൽ ഭംഗിയായി ഇത് കാണാം. ബൈനോക്കുലറുകളോ ടെലിസ്‌കോപ്പുകളോ ഉപയോഗിച്ചാൽ ചന്ദ്രന്റെ ഉപരിതലം കൂടുതൽ വ്യക്തമായി കാണാൻ കഴിയുമെങ്കിലും പ്രത്യേക ഉപകരണങ്ങളുടെയൊന്നും ആവശ്യമില്ല. ചന്ദ്രോദയ സമയത്തും (Moonrise) അസ്തമയ സമയത്തുമാണ് (Moonset) ഇത് ഏറ്റവും മനോഹരമായി കാണാൻ സാധിക്കുകയെന്ന് ദുബൈ അസ്‌ട്രോണമി ഗ്രൂപ്പ് വ്യക്തമാക്കുന്നു.
ഇത് ഭൂമിയെ ബാധിക്കുമോ?
ഭൂമിയിലെ വേലിയേറ്റ വലിപ്പങ്ങളെ ചന്ദ്രന്റെ ഗുരുത്വാകര്‍ഷണം നേരിയ രീതിയിൽ സ്വാധീനിക്കാറുണ്ടെങ്കിലും, സാധാരണ പൗർണ്ണമിയേക്കാൾ വളരെ ചെറിയ മാറ്റങ്ങൾ മാത്രമേ മൈക്രോമൂൺ സമയത്ത് ഉണ്ടാകൂ. ഈ പ്രതിഭാസം മനുഷ്യരെയോ, കാലാവസ്ഥാ വ്യതിയാനങ്ങളെയോ, ഭൂകമ്പം പോലുള്ള പ്രകൃതി പ്രതിഭാസങ്ങളെയോ യാതൊരു വിധത്തിലും ബാധിക്കില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ശാസ്ത്രജ്ഞർ വ്യക്തമാക്കിയിട്ടുണ്ട്.
