സൂര്യനേക്കാൾ പതിനായിരം മടങ്ങ് വലിപ്പം; ദിനോസർ നക്ഷത്രങ്ങളെ കണ്ടെത്തി ജെയിംസ് വെബ്
പ്രപഞ്ചത്തിന്റെ ശൈശവാവസ്ഥയിൽ നിലനിന്നിരുന്ന, ഭീമാകാരമായ 'ദിനോസർ നക്ഷത്രങ്ങളുടെ' (Dinosaur Stars) ആദ്യകാല തെളിവുകൾ ജെയിംസ് വെബ് സ്പേസ് ടെലിസ്‌കോപ്പ് (JWST) കണ്ടെത്തി. സൂര്യനേക്കാൾ 10,000 മടങ്ങ് വരെ പിണ്ഡമുള്ള ഈ നക്ഷത്ര ഭീമന്മാർ പ്രപഞ്ചത്തിന്റെ ആദ്യകാല ഗാലക്സികളുടെ രൂപീകരണത്തിൽ നിർണ്ണായക പങ്കുവഹിച്ചവയാണ്.
എന്താണ് ഈ 'ദിനോസർ നക്ഷത്രങ്ങൾ'?
ഭൂമിയിൽ ഒരുകാലത്ത് വാണിരുന്ന ദിനോസറുകളെ പോലെ ഈ നക്ഷത്രങ്ങളും ഇന്ന് നിലവിലില്ല. എന്നാൽ ദിനോസറുകളുടെ ഫോസിലുകൾ പോലെ, ഈ പുരാതന നക്ഷത്രങ്ങൾ ബാക്കിവെച്ചുപോയ തമോഗർത്തങ്ങൾ (Black Holes) വഴിയാണ് ഇവയെക്കുറിച്ചുള്ള സൂചനകൾ ശാസ്ത്രജ്ഞർക്ക് ലഭിച്ചത്. അതിഭീമൻ തമോഗർത്തങ്ങൾ എങ്ങനെയാണ് ഇത്രയധികം പിണ്ഡം കൈവരിച്ചതെന്ന ദശകങ്ങൾ നീണ്ട ചോദ്യത്തിനുള്ള ഉത്തരത്തിലേക്കാണ് ഈ കണ്ടെത്തൽ വിരൽചൂണ്ടുന്നത്.
കണ്ടെത്തൽ ഇങ്ങനെ:
ഭൂമിയിൽ നിന്ന് ഏകദേശം 12.7 ബില്യൺ പ്രകാശവർഷം അകലെയുള്ള 'GS 3073' എന്ന ഗാലക്‌സിയെക്കുറിച്ച് പഠിച്ചപ്പോഴാണ് ഈ നക്ഷത്രങ്ങളെക്കുറിച്ചുള്ള സൂചന ലഭിച്ചത്. ബിഗ് ബാങിന് ശേഷം വെറും 1.1 ബില്യൺ വർഷം മാത്രം പ്രായമുള്ള ഈ ഗാലക്സിയിലെ രാസഘടനയിൽ നൈട്രജന്റെ അളവ് വളരെ കൂടുതലായി കാണപ്പെട്ടു.
സാധാരണ നക്ഷത്രങ്ങൾക്ക് ഇത്രയധികം നൈട്രജൻ ഉത്പാദിപ്പിക്കാൻ കഴിയില്ലെന്നും സൂര്യനേക്കാൾ പതിനായിരക്കണക്കിന് മടങ്ങ് പിണ്ഡമുള്ള നക്ഷത്രങ്ങൾക്ക് മാത്രമേ ഇതിന് സാധിക്കൂ എന്നും ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നു. നക്ഷത്രത്തിന്റെ കേന്ദ്രത്തിൽ ഹീലിയം കത്തുമ്പോൾ ഉണ്ടാകുന്ന കാർബൺ ഹൈഡ്രജനുമായി ചേർന്ന് നൈട്രജൻ രൂപപ്പെടുകയും അത് ബഹിരാകാശത്തേക്ക് വ്യാപിക്കുകയുമാണ് ചെയ്യുന്നത്.
തമോഗർത്തങ്ങളിലേക്കുള്ള മാറ്റം:
ഈ കൂറ്റൻ നക്ഷത്രങ്ങൾ അവയുടെ ആയുസ്സ് അവസാനിക്കുമ്പോൾ സാധാരണ നക്ഷത്രങ്ങളെപ്പോലെ സൂപ്പർനോവ സ്ഫോടനത്തിലൂടെയല്ല നശിക്കുന്നത്. മറിച്ച്, ഇവ നേരിട്ട് തമോഗർത്തങ്ങളായി മാറുകയാണ് ചെയ്യുന്നത്. ഈ പ്രക്രിയ വഴി രൂപപ്പെടുന്ന തമോഗർത്തങ്ങൾക്ക് സൂര്യന്റെ ആയിരക്കണക്കിന് ഇരട്ടി ഭാരം തുടക്കത്തിലേ ലഭിക്കുന്നു. ഇത് പിന്നീട് പ്രപഞ്ചത്തിലെ 'സൂപ്പർമാസീവ്' തമോഗർത്തങ്ങളുടെ വളർച്ചയ്ക്ക് അടിത്തറയായി മാറുന്നു.
ഗവേഷക സംഘാംഗമായ ദവേഷ് നന്ദാൽ ഉൾപ്പെട്ട സംഘത്തിന്റെ ഈ പഠനം 'ദി ആസ്ട്രോഫിസിക്കൽ ജേണൽ ലെറ്റേഴ്‌സിൽ' പ്രസിദ്ധീകരിച്ചിട്ടുണ്ട്.
