ടെസ്‌ല സൈബർട്രക്കിന്റെ വാട്ടർ ടെസ്റ്റ് പാളി; വാഹനവുമായി തടാകത്തിലിറങ്ങിയ ഉടമ അറസ്റ്റിൽ

  1. Home
  2. Tech

ടെസ്‌ല സൈബർട്രക്കിന്റെ വാട്ടർ ടെസ്റ്റ് പാളി; വാഹനവുമായി തടാകത്തിലിറങ്ങിയ ഉടമ അറസ്റ്റിൽ

cyber truck


സോഷ്യൽ മീഡിയയിലെ റീലുകൾക്കും വിഡിയോകൾക്കുമായി ടെസ്‌ല സൈബർട്രക്കിന്റെ 'വെയ്ഡ് മോഡ്' പരീക്ഷിക്കാൻ ആഡംബര വാഹനവുമായി തടാകത്തിലിറങ്ങിയ ഉടമയെ പോലീസ് അറസ്റ്റ് ചെയ്തു. അമേരിക്കയിലെ ടെക്സാസിലുള്ള ഗ്രേപ്പ്‌വൈൻ തടാകത്തിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ജിമ്മി ജാക്ക് മക്ഡാനിയൽ എന്ന സൈബർട്രക്ക് ഉടമയാണ് പോലീസിന്റെ പിടിയിലായത്.

പ്രാദേശിക സമയം തിങ്കളാഴ്ച രാത്രി എട്ടു മണിയോടെ കാറ്റീസ് വുഡ്സ് ബോട്ട് റാമ്പിന് സമീപമായിരുന്നു സംഭവം. തടാകത്തിൽ ഒരു വലിയ വാഹനം മുങ്ങുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് പോലീസും അഗ്നിശമനസേനയും ഉടനടി സ്ഥലത്തെത്തുകയായിരുന്നു. വാഹനം പൂർണ്ണമായും തകരാറിലാകുകയും ഉള്ളിൽ വെള്ളം കയറുകയും ചെയ്തതോടെ ഡ്രൈവറും കൂടെയുണ്ടായിരുന്ന മറ്റ് യാത്രക്കാരും വാഹനം തടാകത്തിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞിരുന്നു. തുടർന്ന് ഗ്രേപ്പ്‌വൈൻ ഫയർ ഡിപ്പാർട്ട്‌മെന്റിന്റെ വാട്ടർ റെസ്ക്യൂ ടീമും മറ്റ് അധികൃതരും ചേർന്ന് വലിയ റെക്കർ വാഹനം ഉപയോഗിച്ചാണ് വെള്ളത്തിൽ മുങ്ങിയ നിലയിലായിരുന്ന സൈബർട്രക്ക് കരയ്ക്ക് കയറ്റിയത്.

ടെസ്‌ല സൈബർട്രക്കുകളിലുള്ള പ്രത്യേക ഓഫ്-റോഡ് ഫീച്ചറായ 'വെയ്ഡ് മോഡ്' പരീക്ഷിക്കുന്നതിനുവേണ്ടിയാണ് താൻ വാഹനം തടാകത്തിലേക്ക് ഇറക്കിയതെന്ന് പിടിയിലായ ജിമ്മി ജാക്ക് മക്ഡാനിയൽ പോലീസിനോട് സമ്മതിച്ചു. ആഴം കുറഞ്ഞ വെള്ളക്കെട്ടുകളിലൂടെ പതുക്കെ സഞ്ചരിക്കാൻ ഉദ്ദേശിച്ചുള്ളതാണ് ഈ പ്രത്യേക മോഡ് എന്നാണ് ടെസ്‌ല കമ്പനി വ്യക്തമാക്കുന്നത്. ഈ മോഡ് ഓണാക്കുമ്പോൾ സുരക്ഷയ്ക്കായി വാഹനത്തിന്റെ സസ്പെൻഷൻ ഉയരുകയും ബാറ്ററി പാക്ക് സംരക്ഷിക്കപ്പെടുകയും ചെയ്യും.

എന്നാൽ, ആഴമുള്ളതോ വേഗത്തിൽ ഒഴുകുന്നതോ ആയ ജലാശയങ്ങളിൽ വാഹനം ഇറക്കരുതെന്നും ഇത് വലിയ കേടുപാടുകൾക്കും അപകടങ്ങൾക്കും കാരണമാകുമെന്നും ടെസ്‌ലയുടെ ഓണേഴ്സ് മാനുവലിൽ കൃത്യമായി മുന്നറിയിപ്പ് നൽകുന്നുണ്ട്. ഇതിനുമുമ്പ് അറ്റ്ലാന്റിക് സമുദ്രത്തിലെ തിരമാലകൾക്കിടയിൽ ഉൾപ്പെടെ താൻ ഈ വാഹനം വെള്ളത്തിൽ ഓടിച്ചിട്ടുണ്ടെന്നും അപ്പോഴൊന്നും ഒരു പ്രശ്നവും ഉണ്ടായിരുന്നില്ലെന്നുമാണ് ഡ്രൈവറായ മക്ഡാനിയൽ പോലീസിനോട് വാദിച്ചത്.

പൊതു ജലാശയങ്ങളിൽ അനുമതിയില്ലാതെ വാഹനം ഓടിച്ചു, ബോട്ട് രജിസ്ട്രേഷൻ ഇല്ലാതെ തടാകത്തിൽ വാഹനം ഇറക്കി, വെള്ളത്തിലെ സുരക്ഷാ ഉപകരണങ്ങളുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ എന്നീ ഗുരുതര കുറ്റങ്ങളാണ് ഡ്രൈവർക്കെതിരെ പോലീസ് ചുമത്തിയിരിക്കുന്നത്. ഇയാളെ നിലവിൽ ഗ്രേപ്പ്‌വൈൻ ജയിലിൽ അടച്ചു. വാഹനം വെള്ളത്തിൽ ഇറക്കാൻ സാങ്കേതികമായി ചില ഫീച്ചറുകൾ ഉണ്ടെങ്കിലും, ഇത്തരം അവിവേകങ്ങൾ ടെക്സാസ് നിയമപ്രകാരം കടുത്ത ശിക്ഷ ലഭിക്കാവുന്ന നിയമ, സുരക്ഷാ പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് യുഎസ് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.