ഇന്ത്യയിൽ കുതിക്കാൻ ടെസ്‌ല; ബംഗളൂരുവിൽ ആദ്യ എക്സ്പീരിയൻസ് സെന്റർ തുറന്നു
ഇലോൺ മസ്‌കിന്റെ പ്രമുഖ ഇലക്ട്രിക് വാഹന ബ്രാൻഡായ ടെസ്‌ല ഇന്ത്യയിലെ തങ്ങളുടെ സാന്നിധ്യം വിപുലീകരിക്കുന്നു. ഇതിന്റെ ഭാഗമായി ബംഗളൂരുവിലെ പ്രധാന ഐ.ടി ഹബ്ബായ വൈറ്റ്‌ഫീൽഡിൽ ടെസ്‌ല ആദ്യ എക്സ്പീരിയൻസ് സെന്റർ പ്രവർത്തനമാരംഭിച്ചു. മോഡൽ വൈ (Model Y), പുതുതായി വിപണിയിലെത്തിയ മോഡൽ വൈ എൽ (Model YL) എന്നീ വാഹനങ്ങൾ ഉപഭോക്താക്കൾക്ക് നേരിട്ട് കണ്ടറിയാനുള്ള സൗകര്യമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.
പുതുതായി പുറത്തിറങ്ങിയ 'മോഡൽ വൈ എൽ' പതിപ്പിന് ഇന്ത്യയിൽ 61.99 ലക്ഷം രൂപ മുതലാണ് എക്സ്-ഷോറൂം വില. അത്യാധുനിക സർവീസ് സെന്റർ ശൃംഖലയും വൈറ്റ്‌ഫീൽഡിൽ തന്നെ കമ്പനി സജ്ജമാക്കിയിട്ടുണ്ട്. കുടുംബയാത്രകൾക്ക് അനുയോജ്യമായ ആറ് സീറ്റർ എസ്‌യുവിയാണ് മോഡൽ വൈ എൽ. ഒറ്റത്തവണ ചാർജ് ചെയ്താൽ 681 കിലോമീറ്റർ വരെ സഞ്ചരിക്കാൻ ഈ വാഹനത്തിന് സാധിക്കും. വെറും അഞ്ച് സെക്കൻഡുകൾ കൊണ്ട് പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ ശേഷിയുള്ള കരുത്തൻ മോട്ടോറാണ് ഇതിന്റെ മറ്റൊരു പ്രത്യേകത.
മൂന്ന് വരി സീറ്റുകൾക്ക് പുറമെ 2,539 ലിറ്റർ വരെ കാർഗോ സ്പേസും ഈ വാഹനം വാഗ്ദാനം ചെയ്യുന്നു. ടെസ്‌ലയുടെ വിഖ്യാതമായ 'സൂപ്പർ ചാർജിങ്' സംവിധാനം വഴി വെറും 15 മിനിറ്റ് ചാർജ് ചെയ്താൽ 288 കിലോമീറ്റർ വരെ യാത്ര ചെയ്യാം. നിലവിൽ കമ്പനിയുടെ വെബ്‌സൈറ്റ് വഴി ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. ബംഗളൂരുവിന് പുറമെ മുംബൈ (BKC), ഡൽഹി (Aerocity), ഗുരുഗ്രാം എന്നിവിടങ്ങളിലും ടെസ്‌ല എക്സ്പീരിയൻസ് സെന്ററുകൾ തുറന്നിട്ടുണ്ട്.
