ട്രേഡ് സീക്രട്ട് ചോർത്തിയെന്ന കേസ് തള്ളണം; ആപ്പിളിനെതിരെ ഓപ്പൺ എഐ കോടതിയിൽ
ഉപഭോക്തൃ ഹാർഡ്‌വെയർ നിർമ്മാണ രംഗത്തേക്ക് കടക്കുന്നതിന്റെ ഭാഗമായി തങ്ങളുടെ വ്യാപാര രഹസ്യങ്ങൾ ചോർത്തിയെന്നാരോപിച്ച് ആപ്പിൾ നൽകിയ കേസ് തള്ളണമെന്ന് ആവശ്യപ്പെട്ട് ഓപ്പൺ എഐ യുഎസ് കോടതിയെ സമീപിച്ചു. ആപ്പിളിന്റെ രഹസ്യങ്ങൾ കൊണ്ട് തങ്ങൾക്ക് യാതൊരു ആവശ്യവുമില്ലെന്നും തികച്ചും വ്യത്യസ്തമായ പുതിയൊരു ഉൽപ്പന്നമാണ് തങ്ങൾ വികസിപ്പിക്കുന്നതെന്നും ബുധനാഴ്ച സമർപ്പിച്ച ഹർജിയിൽ ഓപ്പൺ എഐ അഭിഭാഷകർ വ്യക്തമാക്കി.
ആപ്പിളിന്റെ മുൻ ഡിസൈൻ മേധാവി ജോണി ഐവുമായി സഹകരിച്ച് പുതിയ എഐ അധിഷ്ഠിത ഉപകരണം പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് ഓപ്പൺ എഐ. ഇതിനിടെയാണ് വ്യാപാര രഹസ്യങ്ങൾ ചോർത്തിയെന്ന് ആരോപിച്ച് ആപ്പിൾ നിയമനടപടി സ്വീകരിച്ചത്.
എന്നാൽ സംരക്ഷിക്കപ്പെടേണ്ട തരത്തിലുള്ള എന്തെങ്കിലും രഹസ്യങ്ങൾ തങ്ങളുടെ പക്കൽ ഉണ്ടെന്നോ അത് ചോർന്നെന്നോ തെളിയിക്കാൻ ആപ്പിളിന് കഴിഞ്ഞിട്ടില്ലെന്ന് ഓപ്പൺ എഐ ചൂണ്ടിക്കാട്ടി. എഐ സാങ്കേതികവിദ്യ സംയോജിപ്പിക്കുന്നതിൽ വന്ന വീഴ്ച മറയ്ക്കാനാണ് ആപ്പിൾ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും കമ്പനി കൂട്ടിച്ചേർത്തു.
