കമന്റ് ബോക്സ് ഇനി കൂടുതൽ കളർഫുളാകും; പോസ്റ്റുകൾക്കും റീൽസിനും മറുപടിയായി ഫോട്ടോകൾ പങ്കുവെക്കാം, പുത്തൻ ഫീച്ചറുമായി ഇൻസ്റ്റഗ്രാം
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റഗ്രാമിൽ ഉപയോക്താക്കൾക്ക് കൂടുതൽ ആവേശം പകരുന്ന പുത്തൻ ഫീച്ചർ അവതരിപ്പിച്ചു. ഇനി മുതൽ ഇൻസ്റ്റഗ്രാം പോസ്റ്റുകൾക്കും റീൽസുകൾക്കും താഴെയുള്ള കമന്റ് ബോക്സിൽ വെറും ടെക്സ്റ്റുകളും ഗിഫുകളും (GIF) മാത്രമല്ല, ചിത്രങ്ങളും മീമുകളും നേരിട്ട് കമന്റായി പങ്കുവെക്കാൻ സാധിക്കും. ഉപയോക്താക്കൾ തമ്മിലുള്ള ആശയവിനിമയം കൂടുതൽ രസകരവും സജീവവുമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മെറ്റ ഈ ഫീച്ചർ കൊണ്ടുവന്നിരിക്കുന്നത്.
റീൽസിലും സാധാരണ പോസ്റ്റുകളിലും ഒരുപോലെ ഈ ഫീച്ചർ ലഭ്യമാകും. ഇതിലൂടെ ഉപയോക്താക്കൾക്ക് തങ്ങളുടെ ഫോൺ ഗാലറിയിലുള്ള ചിത്രങ്ങൾ കമന്റ് ബോക്സിലൂടെ മറ്റുള്ളവരുമായി പങ്കുവെക്കാൻ സാധിക്കും. നിലവിൽ ഈ ഫീച്ചർ നിങ്ങളുടെ അക്കൗണ്ടിൽ ലഭ്യമായിട്ടില്ലെങ്കിൽ ഗൂഗിൾ പ്ലേ സ്റ്റോറിലോ ആപ്പിൾ ആപ്പ് സ്റ്റോറിലോ പോയി ഇൻസ്റ്റഗ്രാം ആപ്ലിക്കേഷൻ അപ്ഡേറ്റ് ചെയ്താൽ മതിയാകും.
പുതിയ ഫീച്ചർ എങ്ങനെ ഉപയോഗിക്കാം?
- ആദ്യം നിങ്ങൾ കമന്റ് ചെയ്യാൻ ആഗ്രഹിക്കുന്ന പോസ്റ്റോ റീൽസോ തുറന്ന് കമന്റ് സെക്ഷനിലേക്ക് പോവുക.
- കമന്റ് ടൈപ്പ് ചെയ്യുന്ന ബാറിന് സമീപത്തായി പുതുതായി നൽകിയിരിക്കുന്ന 'ഗാലറി ഐക്കൺ' ക്ലിക്ക് ചെയ്യുക.
- തുടർന്ന് നിങ്ങളുടെ ഫോൺ ഗാലറിയിൽ നിന്ന് ആവശ്യമുള്ള ഫോട്ടോയോ മീമോ തിരഞ്ഞെടുത്ത് കമന്റായി പോസ്റ്റ് ചെയ്യാം.
കണ്ടന്റ് ക്രിയേറ്റർമാർക്കും സാധാരണ ഉപയോക്താക്കൾക്കും ഒരുപോലെ ഉപകാരപ്പെടുന്ന ഈ ഫീച്ചറിന് ഇതിനകം തന്നെ വലിയ സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്.
