241 ദിവസത്തെ ബഹിരാകാശ ദൗത്യം പൂർത്തിയാക്കി എക്സ്പെഡിഷൻ 74 സംഘം ഭൂമിയിൽ തിരിച്ചെത്തി
241 ദിവസം നീണ്ട അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ (ഐ.എസ്.എസ്) ദൗത്യത്തിന് ശേഷം എക്സ്പെഡിഷൻ 74 ദൗത്യസംഘം സുരക്ഷിതമായി ഭൂമിയിൽ തിരിച്ചെത്തി. നാസ ബഹിരാകാശ സഞ്ചാരി ക്രിസ് വില്യംസ്, റഷ്യൻ സഞ്ചാരികളായ സെർജി കുദ് സ്വെർച്‌കോവ്, സെർജി മികയേവ് എന്നിവരടങ്ങുന്ന സംഘമാണ് മടങ്ങിയെത്തിയത്.
മൂവരും സഞ്ചരിച്ച സോയൂസ് എം.എസ് 28 പേടകം ഞായറാഴ്ച കസാക്കിസ്താനിലെ ഷെസ്‌കാസ്‌ഗാനിന് സമീപമുള്ള സ്റ്റെപ്പി മേഖലയിൽ പാരച്യൂട്ടുകളുടെ സഹായത്തോടെ വിജയകരമായി ലാൻഡ് ചെയ്തതായി നാസ സ്ഥിരീകരിച്ചു. 2025 നവംബർ 27-നായിരുന്നു ബൈക്കണൂർ കോസ്മോഡ്രോമിൽ നിന്ന് ഇവരുടെ വിക്ഷേപണം നടന്നത്.
എട്ടുമാസത്തെ ദൗത്യത്തിനിടെ ഭൂമിയെ 3,856 തവണ വലംവെച്ച സംഘം, ഏകദേശം 164 ദശലക്ഷം കിലോമീറ്ററിലധികം ദൂരം സഞ്ചരിച്ചു. ബഹിരാകാശ വാസം മനുഷ്യശരീരത്തിൽ വരുത്തുന്ന മാറ്റങ്ങളെക്കുറിച്ചുള്ള പഠനങ്ങൾ, ജൈവശാസ്ത്ര-ഭൗതികശാസ്ത്ര പരീക്ഷണങ്ങൾ, ബഹിരാകാശ നിലയത്തിന്റെ അറ്റകുറ്റപ്പണികൾ എന്നിവ ഇവർ പൂർത്തിയാക്കി. ആദ്യ ബഹിരാകാശ യാത്ര പൂർത്തിയാക്കിയ ക്രിസ് വില്യംസ്, സെർജി മികയേവ് എന്നിവർക്കൊപ്പം സെർജി കുദ്-സ്വെർച്‌കോവിന്റെ രണ്ടാം ദൗത്യമായിരുന്നു ഇത്.
