പുതിയ റെനോ ഡസ്റ്റര്‍ വിപണിയില്‍, വില 10.49 ലക്ഷം രൂപ മുതല്‍
ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ റെനോ ഗ്രൂപ്പിന്റെ പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള അനുബന്ധ സ്ഥാപനമായ റെനോ ഇന്ത്യ, രാജ്യത്തെ എസ്യുവി പ്രേമികള്‍ കാത്തിരുന്ന റെനോ ഡസ്റ്ററിന്റെ പുതിയ പതിപ്പ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. റിപ്പബ്ലിക് ദിനത്തിലാണ് പുതിയ റെനോ ഡസ്റ്റര്‍ ആദ്യമായി പ്രദര്‍ശിപ്പിച്ചത്. 10.49 ലക്ഷം രൂപയാണ് പ്രാരംഭ വില (എക്‌സ് ഷോറൂം)
ഇന്ത്യയിലെ മിഡ്-സൈസ് എസ്യുവി സെഗ്മെന്റിലെ ആദ്യ മോഡലുകളിലൊന്നായ ഡസ്റ്ററിന്റെ പുതിയ തലമുറയാണ് വിപണിയില്‍ എത്തിയത്. 2012ലാണ് ഇന്ത്യയില്‍ ആദ്യമായി റെനോ ഡസ്റ്റര്‍ പുറത്തിറക്കിയത്. ഡസ്റ്റര്‍ രാജ്യത്തെ എസ് യുവി വിപണിയെ പൂര്‍ണമായി മാറ്റിമറിച്ചതായി കമ്പനി അവകാശപ്പെടുന്നു. റെനോയുടെ 'ഇന്റര്‍നാഷണല്‍ ഗെയിം പ്ലാന്‍ 2027'ന്റെ ഭാഗമായി ഇന്ത്യയില്‍ പുറത്തിറക്കിയ ആദ്യ ഉല്‍പ്പന്നമാണ് ഈ പുതിയ ഡസ്റ്റര്‍. ഇന്ത്യ കേന്ദ്രീകരിച്ച് കമ്പനി നടപ്പാക്കുന്ന 'റെനോ റീത്തിങ്ക്' പദ്ധതിയുടെ ഭാഗം കൂടിയാണ് പുതിയ വാഹനം.
പുതിയ ഡസ്റ്റര്‍ അതിന്റെ ഇതിഹാസ പാരമ്പര്യത്തെ പിന്തുടരുന്നതിനൊപ്പം ആധുനിക ഡിസൈന്‍, നവീന സാങ്കേതികവിദ്യ, മെച്ചപ്പെട്ട പ്രകടനം എന്നിവയുമായാണ് വിപണിയിലെത്തിയത്. പുതിയ RGM പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കി, പൂര്‍ണ്ണമായും പുതിയ ഡിസൈന്‍, അപ്ഡേറ്റ് ചെയ്ത സവിശേഷതകള്‍, ഒന്നിലധികം പവര്‍ട്രെയിന്‍ ഓപ്ഷനുകള്‍ എന്നിവയുമായാണ് വാഹനം വില്‍പ്പനയ്ക്ക് എത്തുന്നത്.
ഈ വര്‍ഷം ജനുവരിയില്‍ 21,000 രൂപയ്ക്ക് എസ്യുവിയുടെ പ്രീ-ബുക്കിംഗ് ആരംഭിച്ചിരുന്നു. പുതിയ ഡസ്റ്ററില്‍ രണ്ട് ടര്‍ബോ-പെട്രോള്‍ എന്‍ജിന്‍ ഓപ്ഷനുകളുണ്ട് - 1.0 ലിറ്റര്‍ യൂണിറ്റ്, 1.3 ലിറ്റര്‍ യൂണിറ്റ് എന്നിവയാണ് എന്‍ജിന്‍ ഓപ്ഷനുകള്‍. ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ ആറ് സ്പീഡ് മാനുവല്‍, സിവിടി ഓട്ടോമാറ്റിക്, ആറ് സ്പീഡ് ഡിസിടി എന്നിവ ഉള്‍പ്പെടുന്നു. ഈ വര്‍ഷം അവസാനം ഉത്സവ സീസണോട് അനുബന്ധിച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ജോടിയാക്കിയ 1.8 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ ഹൈബ്രിഡ് പവര്‍ട്രെയിന്‍ അവതരിപ്പിക്കുമെന്ന് റെനോ സ്ഥിരീകരിച്ചു.
