ക്ലൗഡിന്റെ പുതിയ പതിപ്പ് വികസിപ്പിക്കുന്നത് ക്ലൗഡ് തന്നെ; വെളിപ്പെടുത്തലുമായി ആന്ത്രോപിക്
ആന്ത്രോപിക്കിന്റെ ജനപ്രിയ എ.ഐ മോഡലായ ക്ലൗഡിന്റെ ഏറ്റവും പുതിയ പതിപ്പ് വികസിപ്പിക്കുന്നതിലെ 26 ശതമാനം ജോലികളും കൈകാര്യം ചെയ്യുന്നത് ക്ലൗഡ് തന്നെയാണെന്ന് കമ്പനി വെളിപ്പെടുത്തി. മനുഷ്യന്റെ മേൽനോട്ടത്തിലാണെങ്കിലും നൽകുന്ന നിർദേശങ്ങൾക്കനുസരിച്ച് കാര്യങ്ങൾ പൂർത്തിയാക്കാൻ ക്ലൗഡിന് സാധിക്കുന്നുണ്ട്.
എന്നാൽ ഇത് പൂർണ്ണമായും സ്വയംഭരണാധികാരത്തോടെയുള്ള പ്രവർത്തനമല്ലെന്ന് വ്യക്തമാക്കിയ കമ്പനി, തങ്ങളുടെ 90 ശതമാനം ഗവേഷണ-വികസന പ്രവർത്തനങ്ങളും ക്ലൗഡുമായി സഹകരിച്ചാണ് നടത്തുന്നതെന്നും കൂട്ടിച്ചേർത്തു. ഫെബ്രുവരിയിൽ പൂജ്യമായിരുന്ന പങ്കാളിത്തമാണ് ആറു മാസങ്ങൾക്കുള്ളിൽ ഈ നിലയിലേക്ക് വളർന്നത്. എ.ഐ മോഡലുകൾ അടുത്ത തലമുറയെ സ്വയം നിർമിക്കുന്ന 'റിക്കർസീവ് സെൽഫ്-ഇംപ്രൂവ്മെന്റ്' പ്രക്രിയകൾ വർധിക്കുന്നത് എ.ഐയെ നിയന്ത്രിക്കുന്നത് പ്രയാസകരമാക്കുമെന്ന ആശങ്കയും ഉയർത്തുന്നുണ്ട്.
അപകടസാധ്യതകൾ മുൻകൂട്ടി കണ്ട് മൂന്നാം കക്ഷി പരിശോധകരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള സുരക്ഷാ നിരീക്ഷണ സംവിധാനങ്ങൾ ആന്ത്രോപിക് ശക്തമാക്കിയിട്ടുണ്ട്.
